16 Jan 2024 6:54 AM GMT
Summary
- കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 23,753 പേര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി
- ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് 74 കോടി രൂപ നഷ്ടമായി
- നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരിച്ചുപിടിക്കാനും കഴിഞ്ഞു
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപ. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായ 74 കോടി രൂപയും ഇതില്‍പ്പെടുന്നതായി സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പുറത്തുവിട്ട റിപ്പോട്ടില്‍ പറയുന്നു.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പുകളാണ് ദിവസേന സംസ്ഥാനത്ത് നടക്കുന്നത്. എറണാകുളം തൃക്കാക്കര സ്വദേശിയില്‍ നിന്ന് രണ്ടുകോടി 60 ലക്ഷം രൂപയും എറണാകുളം ആലുവ സ്വദേശിയില്‍ നിന്ന് ഒരുകോടി 10 ലക്ഷം രൂപയും കോഴിക്കോട്, ആലപ്പുഴ സ്വദേശികളില്‍ നിന്ന് 50 ലക്ഷം രൂപയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മാധ്യമങ്ങള്‍ വഴിയാണ് നിക്ഷേപത്തട്ടിപ്പുകളുടെ തുടക്കം. ഇത്തരം പോസ്റ്റില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാര്‍ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നു. തുടര്‍ന്ന് കൃത്രിമമായി നിര്‍മ്മിച്ച വെബ്‌സൈറ്റ് മുഖേന നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് അമിതലാഭം നല്‍കുന്നതോടെ പരാതിക്കാര്‍ക്ക് തട്ടിപ്പുകാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാവുകയും വന്‍തുക നിക്ഷേപിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു.
സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകള്‍, 3289 മൊബൈല്‍ നമ്പറുകള്‍, 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, 945 വെബ്‌സൈറ്റുകള്‍ എന്നിവ കേരള പൊലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരിച്ചുപിടിക്കാനും കഴിഞ്ഞതായി പൊലീസ് അറിയിച്ചു.