13 Feb 2024 5:31 AM GMT
Summary
- ഡെല്‍ഹിയാണ് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സംസ്ഥാനം
- മണിപ്പൂരാണ് ഏറ്റവുമധികം വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനം
- 6 സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം സഹന പരിധിക്ക് മുകളില്‍
ജനുവരിയില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റം രേഖപ്പെടുത്തിയ മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം. 4 .04 ശതമാനമാണ് കഴിഞ്ഞ മാസം കേരളത്തിന്‍റെ പണപ്പെരുപ്പമെന്ന് നാഷണല്‍ സ്‍റ്റാറ്റിസ്‍റ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയായ 5 .1 ശതമാനത്തെ അപേക്ഷിച്ച് ഏറെ കുറവാണിത്.
2.56 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയ ഡെല്‍ഹിയാണ് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സംസ്ഥാനം. മിസോറാം, നാഗാലാന്‍റ്, സിക്കിം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും മധ്യപ്രദേശിലും 4 ശതമാനത്തിനു താഴെയാണ് പണപ്പെരുപ്പം
ഡിസംബറില്‍ 4.28 ശതമാനമായിരുന്നു കേരളത്തിന്‍റെ പണപ്പെരുപ്പം. തുടര്‍ച്ചയായി ദേശീയ ശരാശരിയേക്കാള്‍ ഏറെക്കുറഞ്ഞ വിലക്കയറ്റ തോതാണ് കേരളം രേഖപ്പെടുത്തുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം ഡിസംബറിലെ 4 .21 ശതമാനത്തില്‍ നിന്ന് 3 .91 ശതമാനത്തിലേക്ക് കുറഞ്ഞു. നഗരങ്ങളിലേത് 4.48 ശതമാനത്തില്‍ നിന്ന് 4.24 ശതമാനത്തിലേക്കാണ് താഴ്ന്നത്.
മണിപ്പൂരാണ് ഏറ്റവുമധികം വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനം, 12.08 ശതമാനം. ഒഡിഷ 7 .55 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തി. കര്‍ണാടക, തെലങ്കാന, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലെല്ലാം വിലക്കയറ്റം 6 ശതമാനത്തിന് മുകളിലാണ്. വിലക്കയറ്റം 4 ശതമാനത്തില്‍ എത്തിക്കുന്നതിനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. 2 മുതല്‍ 6 ശതമാനം വരെയാണ് കേന്ദ്രബാങ്ക് പണപ്പെരുപ്പത്തിന് കല്‍പ്പിച്ചിട്ടുള്ള സഹന പരിധി.