30 Nov 2024 6:53 AM GMT
കേരളത്തിലെ ഹോട്ടലുകൾ ഭക്ഷണവില കൂട്ടിയോ ? പുതുക്കിയ വിലവിവര പട്ടിക പ്രചരിക്കുന്നത് സത്യമോ?
MyFin Desk
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിലവിവര പട്ടികയുമായി സംഘടനക്ക് യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. പുതുക്കിയ വിലവിവര പട്ടികയെന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിലായാണ് നോട്ടീസ് പ്രചരിക്കുന്നത്. അസോസിയേഷൻ്റെ പേരിൽ പ്രചരിക്കുന്ന വിലവിവര പട്ടിക വ്യാജമാണെന്നും വില നിശ്ചയിക്കാനുള്ള അവകാശം സംഘടനയ്ക്ക് ഇല്ലെന്നും ഭാരവാഹികൾ അറിയിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ പേര് വെച്ചിറങ്ങിയ നോട്ടീസ് നാഥനില്ലാത്ത ഒന്നാണെന്നും ഇത്തരത്തിൽ വില ഏകീകരിക്കുന്ന പതിവ് അസോസിയേഷനില്ലെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ഭക്ഷ്യവസ്തുക്കൾക്കെല്ലാം വൻതോതിൽ വില വർധിച്ച സാഹചര്യത്തിൽ വ്യാപാരികളുടെ നെഞ്ചിൽ തീയാണിപ്പോഴുള്ളത്. പക്ഷെ, ഈ രീതിയിൽ ആധികാരികമല്ലാതെ വില വിവരപട്ടിക പ്രചരിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് വ്യാപാരികൾ പറയുന്നു.
2024 നവംബർ 24 മുതൽ പുതുക്കിയ വിലവിവര പട്ടിക എന്ന തരത്തിലാണ് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ പേരിൽ പ്രചാരണം നടക്കുന്നത്. ചായയ്ക്ക് 14 രൂപ, കാപ്പി 15, കട്ടൻ 12, പത്തിരി 14, ബോണ്ട 14, പരിപ്പുവട 14, ഉള്ളിവട 14, പഴം ബോളി 15, സുഖിയൻ 15, ബ്രൂ കോഫി 30, ബൂസ്റ്റ് 30, ഹോർലിക്‌സ് 30, പൊറോട്ട 15, അപ്പം 15, മുട്ടക്കറി 40, നാരങ്ങാവെള്ളം 25 എന്നിങ്ങനെയാണ് പ്രചരിക്കുന്ന വിലവിവര പട്ടികയിലുള്ളത്.