8 Aug 2023 11:15 AM
Summary
- കുടിശികയില്‍ കുടുങ്ങിയ കൂലി
ഇന്നലെ കഴിഞ്ഞു പോയത് രാജ്യത്തിന്റെ ഒന്‍പതാം ദേശീയ കൈത്തറി ദിനമായിരുന്നു. തലമുറകളിലൂടെ കൈമാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ബൃഹത്തായ കൈത്തറി പാരമ്പര്യം 43 ലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നു. പുതിയ ട്രെന്‍ഡുകളും ഡിസൈനുകളും പരീക്ഷിച്ച് പുതിയ മുന്നേറ്റത്തിനാണ് ഇപ്പോള്‍ കൈത്തറി മേഖല ശ്രമിക്കുന്നത്.. കേരളം കൈത്തറി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള കര്‍മ പദ്ധതി നടപ്പാക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ കൈത്തറി ഗ്രാമങ്ങള്‍
തൃശ്ശൂര്‍ - പാലക്കാട് അതിര്‍ത്തി ഗ്രാമമായ കുത്താംപുള്ളി, എറണാകുളത്തെ ചേന്ദമംഗലം, പാലക്കാട്ടെ പെരുവെമ്പ്, തിരുവന്തപുരത്തെ ബാലരാമപുരം ഇവയെല്ലാം കേരളത്തിന്റെ പ്രസിദ്ധമായ നെയ്ത്ത് ഗ്രാമങ്ങളാണ്. കസവു നെയ്ത്തിന് പ്രസിദ്ധമാണ് കുത്താംപുള്ളി സ്ഥലം. കര്‍ണാടകയില്‍ വേരുകളുള്ളവരാണ് ഇവിടെയുള്ള 600 ഓളം നെയ്ത്ത് കുടംബങ്ങള്‍. 500 വര്‍ഷം മുമ്പ് കൊച്ചി രാജകുടുംബമാണ് വിശിഷ്ട വസ്ത്രങ്ങള്‍ നെയ്യാന്‍ വേണ്ടി ഇവരെ കൊണ്ടു വന്ന് ഒരു ഗ്രാമത്തില്‍ പാര്‍പ്പിച്ചതെന്ന് കരുതപ്പെടുന്നു.
1972-ല്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് 102 അംഗങ്ങളുള്ള കുത്താമ്പുള്ളി ഹാന്‍ഡ്ലൂം ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കസവു വേഷ്ടി, സെറ്റ് മുണ്ട്, ഡിസൈനര്‍ സാരി എന്നിവയും ഇവരുടെ പ്രസിദ്ധമായ ഉല്‍പന്നങ്ങളാണ്. 3000 ഓളം പേര്‍ കൈത്തറികളും, ഇതുമായി ബന്ധപ്പെട്ട ഇടപാടുകളും കൊണ്ടു ഉപജീവനം നേടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് നിര്‍മ്മിക്കുന്ന പ്രശസ്തമായ ഒരു കൈത്തറി ഉല്‍പ്പന്നമാണ് ചേന്ദമംഗലം മുണ്ടുകള്‍. ഭൂപ്രദേശസൂചികപദവി ലഭിച്ച ചേന്ദമംഗലം മുണ്ടുകള്‍ക്ക് വിപണിയിലെ സ്വീകാര്യത വളരെ വലുതാണ്. പ്രളകാലത്ത് വന്‍ തോതില്‍ കേടുപാടുകള്‍ സംഭവിച്ച മുണ്ടുകള്‍ പോലും ചേന്ദമംഗലം പാവകളായി രൂപം മാറി വിപണിയില്‍ തംരംഗം സൃഷ്ടിച്ചവയാണ്.
സഹകരണസംഘങ്ങളോട് ചേര്‍ന്നുള്ള സ്‌റോറുകളിലാണ് ചേന്ദമംഗലം ഉല്‍പന്നങ്ങളുടെ വില്പന. അടുത്ത പ്രദേശമായ പറവൂരിലും സംഘങ്ങള്‍ക്ക് സ്വന്തം വില്പനശാലകളുണ്ട്. ഉത്സവക്കാലത്ത് കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ സംഘങ്ങള്‍ പ്രദര്‍ശന- വില്പനശാലകള്‍ തുറക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഹാന്‍ടെക്‌സ് ഷോറൂമുകളിലും ചേന്ദമംഗലം കൈത്തറി ലഭ്യമാണ്. വിദേശത്തേക്കും ആവശ്യാനുസാരം വസ്ത്രങ്ങള്‍ എത്തിക്കാന്‍ ചേന്ദമംഗലത്തിനാകുന്നുണ്ട്.
എന്നാല്‍ കേരളത്തിന്റെ പല കൈത്തറി സംഘങ്ങളും ഇന്ന് തകര്‍ച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. നഷ്ടങ്ങളുടെ കണക്കുകളാണ് ഇവര്‍ നെയ്തു കൂട്ടുന്നത്.
കുടിശികയില്‍ കുടുങ്ങിയ കൂലി
സ്‌കൂള്‍ യൂണിഫോം കൈത്തറിയാക്കാനുള്ള നീക്കത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കൈത്തറി മേഖലയില്‍ പുതിയ ഉണര്‍വ്വ് സൃഷ്ടിച്ചത്. ഈ തീരുമാനത്തിനു ശേഷം 293 കോടി രൂപ കൂലിയിനത്തില്‍ ചെലവഴിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ നാലു മാസത്തെ കുടിശികയാണ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതില്‍ ഒരു മാസത്തെ തുക അടുത്തയാഴ്ച വിതരണം ചെയ്യുമെന്നാണ് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചിട്ടുള്ളത്. ശേഷിക്കുന്നതില്‍ കഴിയുന്നത്ര തുക ഓണത്തിനു മുന്‍പു നല്‍കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല ഈ മേഖലയിലേക്കു യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള സ്‌കീം തുടങ്ങിക്കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ ഡിസൈന്‍ കോണ്‍ക്ലേവ്
വ്യത്യസ്തമായ കൈത്തറി ഉത്പന്നങ്ങള്‍ക്കു വിപണിയില്‍ ആവശ്യക്കാരേറെയുണ്ട്. കൈത്തറിയടക്കമുള്ള പരമ്പരാഗത മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊച്ചിയില്‍ ഡിസൈന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അധകൃതര്‍. കൈത്തറി, കയര്‍, ഹാന്‍ഡ്വീവ് മേഖലകളെ ഉള്‍പ്പെടുത്തിയാകും കോണ്‍ക്ലേവ് സംഘടിപ്പിക്കുക. ഇതില്‍നിന്നു കാലം ആവശ്യപ്പെടുന്ന ഡിസൈന്‍ ആശയങ്ങള്‍ കണ്ടെത്തുകയും ഓരോ മേഖലയിലും ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക എന്നതാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നത്.