image

11 Jan 2024 8:19 AM

Kerala

സഹകരണ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ വരുന്നു; ആദ്യം കണ്ണൂരില്‍

MyFin Desk

industrial parks are also coming up in the co-operative sector, first in kannur
X

Summary

  • ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ ലക്ഷ്യമിടുന്നത് 100 വ്യവസായ പാര്‍ക്കുകള്‍
  • സഹകരണ സംഘങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ചും അനുമതി തേടാം
  • മാർച്ചില്‍ 35 സ്വകാര്യ പാർക്കുകൾക്ക് അനുമതി നല്‍കും


സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതുസംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തു.

എല്ലാ ജില്ലയിലും ഒന്നെന്ന നിലയിൽ സഹകരണ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ആദ്യ പാർക്ക് കണ്ണൂരിൽ ആരംഭിക്കാനാണ് ആലോചന. പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാർക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കും.

സഹകരണ മേഖലയില്‍ വ്യവസായ പാർക്കുകൾ, എസ്‍‍റ്റേറ്റുകൾ, സ്‍റ്റാന്‍ഡേര്‍ഡ് ഡിസൈൻ ഫാക്റ്ററികൾ എന്നിവ തുടങ്ങുന്നതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങൾക്കും, വിവിധ സംഘങ്ങൾ ചേര്‍ന്ന് രൂപീകരിക്കുന്ന കൺസോർഷ്യത്തിനും എസ്റ്റേറ്റുകൾ ആരംഭിക്കാന്‍ അനുമതി നല്‍കും.

സ്വകാര്യ വ്യവസായ എസ്‍റ്റേറ്റുകള്‍ക്ക് സർക്കാർ നൽകുന്ന തരത്തിലുള്ള ധനസഹായം സഹകരണ എസ്‍റ്റേറ്റുകള്‍ക്കും ലഭ്യമാക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 3 കോടി രൂപ വരെയുള്ള ധനസഹായം നിലവിൽ വ്യവസായ വകുപ്പ് സ്വകാര്യ വ്യവസായ എസ്‍റ്റേറ്റുകള്‍ക്ക് നൽകുന്നുണ്ട്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് 10 ഏക്കറും സ്‍റ്റാന്‍ഡേര്‍ഡ് ഡിസൈൻ ഫാക്ടറികൾക്ക് 5 ഏക്കറും ചുരുങ്ങിയ ഭൂപരിധി വേണമെന്നാണ് ചട്ടം. സഹകരണ മേഖലയ്ക്ക് ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയേക്കും.

ഇതിനകം 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കാണ് വ്യവസായ വകുപ്പ് അനുമതി നൽകിയത്. മാർച്ച് മാസത്തോടെ 35 പാർക്കുകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി വ്യക്തമാക്കുന്നു. ഈ സര്‍ക്കാരിന്‍റെ ഭരണ കാലയളവില്‍ 100 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യംവെക്കുന്നത്.