27 Dec 2023 7:39 AM GMT
Summary
- എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ഓൺലൈൻ ആയി നൽക്കപ്പെടും
- ജനുവരി 1 മുതൽ ആപ്പ് ഡൌൺലോഡ് ചെയ്യാൻ കഴിയും
- 2024-ഓടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കെ-സ്മാർട്ടാകും
സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങാതെ ഇനി ഓൺലൈനിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം. വധൂവരന്മാർ വ്യത്യസ്‌ത സ്‌ഥലങ്ങളിൽ ആണെങ്കിൽ പോലും ഓൺലൈനിലൂടെ വിവാഹം രജിസ്റ്റർ ചെയ്ത്, വിവാഹ സർട്ടിഫിക്കറ്റ് കെ സ്മാർട്ട് ആപ്പിലൂടെ വാട്സാപ്പിൽ നേടാം. കേരള സർക്കാർ സേവനങ്ങളെല്ലാം കെ സ്മാർട്ട് എന്ന ഒറ്റ ആപ്പ് വഴി ലഭ്യമാകും.
കേരള സർക്കാർ അവതരിപ്പിക്കുന്ന കെ-സ്മാർട്ട് ആപ്പ് വരുന്നതോടെ ഇനി കടലാസ് അപേക്ഷകൾ ഇല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (എൽഎസ്ജിഡി ) എല്ലാ സേവനങ്ങളും ഈ പുതുവർഷം മുതൽ കെ-സ്മാർട്ട് ഏകീകൃത സോഫ്റ്റ്‌വെയർ വഴി ഓൺലൈനിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ് സ്റ്റോറിലും ജനുവരി 1 മുതൽ ഡൌൺലോഡ് ചെയ്യാൻ കഴിയും. ഈ ആപ്പിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ഓൺലൈൻ ആയി നൽക്കപ്പെടും.
ബിൽഡിങ് പെർമിറ്റ്, വിവാഹ രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ്, പൊതുജന പരാതികൾ, ഇ-ഓഫീസ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി സേവനങ്ങൾ ആണ് ആപ്പിലൂടെ ലഭ്യമാകുക. രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ, ഏതാനും മിനിറ്റുകൾക്കുള്ളിൽ സെൽഫ് സർട്ടിഫൈഡ് ബിൽഡിങ് പെർമിറ്റ് പോലുള്ള സേവനങ്ങൾ ലഭിക്കും. ജനന-മരണ സർട്ടിഫിക്കറ്റ് തിരുത്തലുകളും ഓൺലൈനായി നടത്താം, സർട്ടിഫിക്കറ്റ് ഇ-മെയിൽ വഴിയും വാട്ട്‌സ്ആപ്പ് വഴിയും ലഭിക്കും.
കെ-സ്മാർട്ട് ആപ്പ് തദ്ദേശ സ്വയംഭരണ സേവനങ്ങളുടെ കാര്യക്ഷമതയും, സുതാര്യതയും, പ്രവർത്തനനക്ഷമതയും കൂടാതെ ഉത്തരവാദിത്തവും വർദ്ധിപ്പിക്കാൻ സഹായിക്കുകയും ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ആദ്യം കോർപറേഷനുകളും നഗരസഭകളും പിന്നീട് പഞ്ചായത്തുകളും കെ-സ്മാർട്ടാകും. 2024-ഓടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കെ-സ്മാർട്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കെ സ്മാർട്ട് ഓൺലൈൻ സേവനകൾക്കായി ആദ്യം ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക. തുടർന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക. ആവശ്യമായ രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുക തുടർന്ന് അപേക്ഷ സമർപ്പിക്കുക. നിങ്ങളുടെ അപേക്ഷയുടെ സ്ഥിതി ആപ്പിൽ തന്നെ നിങ്ങൾക്ക് പരിശോധിക്കാം.