image

18 Oct 2024 4:24 AM GMT

Kerala

സ്വന്തമായി വികസിപ്പിച്ച പ്രതിരോധ ഉത്പന്നങ്ങൾ കൈമാറി കെൽട്രോൺ

MyFin Desk

keltrol successful project
X

കെല്‍ട്രോണ്‍ നിര്‍മ്മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി രാജീവിന്‍റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് എന്നി സ്ഥാപനങ്ങൾക്കാണ് ഉപകരണങ്ങള്‍ കൈമാറിയത്. ഈ സാമ്പത്തിക വർഷം കെൽട്രോൺ ആയിരം കോടി രൂപ വിറ്റുവരവ് കൈവരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിന്റെ നൂറുദിനപരിപാടിയിൽ രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമിച്ച്‌ കെൽട്രോൺ ചരിത്രം സൃഷ്ടിച്ചു. തമിഴ്‌നാട്ടിലെ സ്‌മാർട്ട്‌ ക്ലാസ്‌റൂം, തിരുപ്പതിയിലെ സ്‌മാർട്ട്‌ സിറ്റി, നാഗ്‌പുരിലെ ട്രാഫിക്‌ സംവിധാനം എന്നീ പദ്ധതികളും കെൽട്രോണിന്‌ ലഭിച്ചതായി പി രാജീവ്‌ പറഞ്ഞു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ കെല്‍ട്രോണ്‍ നിര്‍മിച്ച സോണാര്‍ പവര്‍ ആംപ്ലിഫയര്‍, മരീച് സോണാര്‍ അറേ, ട്രാന്‍സ്ഡ്യൂസര്‍ ഇലമെന്‍റ്സ്, സബ്‌മറൈന്‍ എക്കോസൗണ്ടര്‍, സബ്‌മറൈന്‍ കാവിറ്റേഷന്‍ മീറ്റര്‍, സോണാര്‍ ട്രാന്‍സ്‌മിറ്റര്‍ സിസ്റ്റം, സബ് മറൈന്‍ ടൂവ്ഡ് അറേ ആന്‍റ് ആക്‌ടീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റം എന്നിവയാണ് കൈമാറിയത്.

അതേസമയം പ്രതിരോധ മേഖലയിലെ മൂന്ന് പ്രധാന ഓര്‍ഡറുകളും കെല്‍ട്രോണിന് ലഭിച്ചു. വിശാഖപട്ടണം നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയില്‍ നിന്നു ഫ്ളൈറ്റ് ഇന്‍ എയര്‍ മെക്കാനിസം മൊഡ്യൂള്‍ നിര്‍മ്മിക്കുന്നതിനുള്ള താത്‌പര്യപത്രം കെല്‍ട്രോണ്‍ സ്വീകരിച്ചു. ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, എന്‍പിഒഎല്‍ രൂപകല്‍പ്പന നിര്‍വഹിച്ച ടോര്‍പ്പിഡോ പവര്‍ ആംപ്ലിഫയര്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡര്‍ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ നിന്നും ഇന്ത്യയില്‍, മനുഷ്യസഹായം ഇല്ലാതെ സെന്‍സറുകളുടെ അടിസ്ഥാനത്തില്‍ സഞ്ചരിക്കുന്ന ഉപകരണം നിര്‍മ്മിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെക്‌സി മറൈന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ബോ ആന്‍ഡ് ഫ്ലാങ്ക് അറേ നിര്‍മ്മിക്കുന്നതിനുള്ള താത്‌പര്യവും കെല്‍ട്രോണ്‍ സ്വീകരിച്ചു.