image

21 Oct 2024 10:07 AM GMT

Kerala

കെൽട്രോണിന് നാഗ്പുരിൽ നിന്നും 197 കോടി രൂപയുടെ മെഗാ ഓർഡർ

MyFin Desk

keltron gets rs 197 crore mega order from nagpur
X

Summary

എൽ ആൻ്റ് ടിയെ ടെൻഡറിൽ പരാജയപ്പെടുത്തിയാണ് കെൽട്രോണിൻ്റെ നേട്ടം


നാഗ്പൂര്‍ കോര്‍പ്പറേഷന്റെ 197 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോണ്‍ നേടിയതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. കെല്‍ട്രോണ്‍ വികസിപ്പിച്ച ഇന്റലിജന്റ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്. എല്‍ ആന്റ് ടിയെ മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പരാജയപ്പെടുത്തിയാണ് കെല്‍ട്രോണിന്റെ നേട്ടം. ഇതോടെ നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെല്‍ട്രോണ്‍ കരസ്ഥമാക്കി.

കേരളത്തില്‍ ഉടനീളം മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കെല്‍ട്രോണ്‍ സ്ഥാപിച്ച എ ഐ അധിഷ്ഠിത ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തന മികവാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മെഗാ പദ്ധതി നേടാന്‍ കെല്‍ട്രോണിന് കരുത്തായത്. കൂടാതെ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ്, ടെക്‌നോളജി ബേസ്ഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് മേഖലയിലെ പ്രവര്‍ത്തിപരിചയവും നാഗ്പൂര്‍ പദ്ധതി നേടാന്‍ കെല്‍ട്രോണിന് സഹായകരമായതായി മന്ത്രി അറിയിച്ചു.

പദ്ധതിയിലൂടെ 171 ജംഗ്ഷനുകളില്‍ അഡാപ്റ്റീവ് ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം, ട്രാഫിക് വയലേഷന്‍ ഡിറ്റക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്, വേരിയബിള്‍ മെസ്സേജിങ് സിസ്റ്റം, സെന്‍ട്രലൈസ്ഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സിസ്റ്റം, വീഡിയോ മാനേജ്‌മെന്റ് & അനലിറ്റിക്‌സ്, വെഹിക്കിള്‍ കൗണ്ടിംഗ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സിസ്റ്റം, റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, തുടങ്ങിയ സംവിധാനങ്ങള്‍ മാസ്റ്റര്‍ സിസ്റ്റം ഇന്റഗ്രേറ്റര്‍ എന്ന നിലയില്‍ കെല്‍ട്രോണ്‍ നാഗ്പൂരില്‍ സ്ഥാപിക്കും. 15 മാസത്തിനുള്ളില്‍ പദ്ധതി പ്രവര്‍ത്തനസജ്ജമാകും. ഇന്റഗ്രേറ്റഡ് ആന്‍ഡ് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളുടെ രൂപകല്‍പ്പന, ഏകോപനം, ദൈനംദിന പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയും അഞ്ചുവര്‍ഷത്തേക്ക് കെല്‍ട്രോണ്‍ നിര്‍വഹിക്കും. തിരുവനന്തപുരം മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണ്‍ ട്രാഫിക് സിഗ്‌നല്‍ ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.

സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞത് പഠിക്കുന്നതിനായി മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. സാങ്കേതിവിദ്യ അടിസ്ഥാനമാക്കി കേരളത്തില്‍ കെല്‍ട്രോണ്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ രാജ്യാന്തരശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. സ്മാര്‍ട്ട്‌സിറ്റി പദ്ധതികളുമായി ഏകോപിപ്പിച്ച് നാഗ്പൂര്‍ കോര്‍പ്പറേഷനില്‍ കെല്‍ട്രോണ്‍ സാധ്യമാക്കാന്‍ ഒരുങ്ങുന്ന പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ഓര്‍ഡറുകള്‍ ലഭിക്കാന്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.