30 Sep 2023 9:14 AM GMT
Summary
- സൈനികാശ്രമം പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നത് സ്വന്തം നിലയിലാണ്.
- സൈനികാശ്രമത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ടി.കെ. ഭാസ്‌കരന്‍. പ്രായം 106 വയസ്
വിമുക്ത ഭടന്മാരുടെ ക്ഷേമം ലക്ഷ്യമാക്കി ആരംഭിച്ചതാണെങ്കിലും ഇന്ന് സ്വാശ്രയത്വം കൈവരിച്ച ഒരു മാതൃകാ ആശ്രമമായി മാറിയിരിക്കുകയാണ് കാക്കനാട് സൈനികാശ്രമം.
1994-ല്‍ പ്രവര്‍ത്തനമാരംഭിച്ച സൈനികാശ്രമം പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നത് സ്വന്തം നിലയിലാണ്. സെക്യൂരിറ്റി സര്‍വീസും, ക്ലൗഡ് ഡ്രോപ്‌സ് എന്ന മിനറല്‍ വാട്ടര്‍ ബിസിനസുമാണ് പ്രധാന വരുമാനം.
1.06 ഏക്കറിലെ വലിയ ലോകം
കാക്കനാട് കളക്‌ട്രേറ്റിനു സമീപം 1.06 ഏക്കറില്‍ സ്ഥിതി ചെയ്യുന്നതാണ് സൈനികാശ്രമം. താമസിക്കാനിടം ഇല്ലാതെ ബുദ്ധിമുട്ടുന്ന വിമുക്ത ഭടന്മാര്‍ക്കായി 36 ചെറുവീടുകളും, 8 ബെഡുകള്‍ ഉള്ള ഒരു ഡോര്‍മിറ്ററിയുമുണ്ട്. ഇവിടെ താമസിക്കുന്നവര്‍ ഒരുപാട് ലോക പരിചയം നേടിയവരാണ്. സൈനികസേവനത്തിന്റെ ഭാഗമായി രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തവരും ഇവിടെയുണ്ട്.
സ്വാശ്രയത്വം കൈവരിച്ച് മുന്നേറുന്നു
സൈനികാശ്രമത്തില്‍ 36-ഓളം അന്തേവാസികളാണ് ഇപ്പോഴുള്ളത്. സൈനിക സേവനം അനുഷ്ഠിച്ചവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഇവിടെ താമസിക്കാന്‍ സാധിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി സൈനിക സേവനം നടത്തിയ ടി.കെ. ഭാസ്‌കരനാണ് സൈനികാശ്രമത്തിലെ സീനിയര്‍. 106 വയസ്സുണ്ട്.
താമസം, ഭക്ഷണം, മെഡിക്കല്‍ സര്‍വീസ്, ആംബുലന്‍സ് സൗകര്യം, പാലിയേറ്റീവ് കെയര്‍ അടക്കമുള്ള സൗകര്യങ്ങളും സേവനങ്ങളും ഇവിടെയുണ്ട്.
ഇതിനുള്ള ചെലവുകളെല്ലാം തന്നെ കണ്ടെത്തുന്നത് സ്വന്തം നിലയിലാണ്.
സെക്യൂരിറ്റി സര്‍വീസിലൂടെ മാസം ഒന്നര ലക്ഷത്തോളം രൂപ വരുമാനമായി സൈനികാശ്രമത്തിന് ലഭിക്കുന്നുണ്ട്.
കേരള എക്‌സ്‌സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷനാണു സൈനികാശ്രമത്തിനു നേതൃത്വം നല്‍കുന്നത്. ഈ അസോസിയേഷന്റെ നേതൃത്വത്തില്‍ തന്നെയാണു സെക്യൂരിറ്റി ഗാര്‍ഡുകളുടെ സേവനവും നല്‍കുന്നത്. അസോസിയേഷനില്‍ വിമുക്തഭടന്മാര്‍ക്കു മാത്രമാണ് അംഗമാകാന്‍ സാധിക്കുന്നത്.
വരുമാനം പെയ്തിറങ്ങുന്ന ക്ലൗഡ് ഡ്രോപ്‌സ്
സൈനികാശ്രമത്തിന്റെ മറ്റൊരു വരുമാന മാര്‍ഗമാണ് ക്ലൗഡ് ഡ്രോപ്‌സ് എന്ന ബ്രാന്‍ഡ് നെയ്മിലുള്ള മിനറല്‍ വാട്ടര്‍ സംരംഭം. 20, 1, അര ലിറ്റര്‍ വീതമുള്ള കാനുകളിലാണു മിനറല്‍ വാട്ടര്‍ വില്‍ക്കുന്നത്. സൈനികാശ്രമത്തില്‍ തന്നെ മഴ വെള്ള സംഭരണി നിര്‍മിച്ച് അതിലൂടെ ശേഖരിക്കുന്ന വെള്ളമാണ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ സഹായത്തോടെ ശുദ്ധീകരിച്ച് മിനറല്‍ വാട്ടറായി വില്‍ക്കുന്നത്.
ചെന്നൈ ഐഐടിയിലെ വിദഗ്ധരുടെ സഹായത്തോടെയാണു മഴവെള്ള സംഭരണികള്‍ നിര്‍മിച്ചത്.
സൈനികാശ്രമത്തിനു സമീപമുള്ള ഫ്‌ളാറ്റുകളിലും, ഇന്‍ഫോപാര്‍ക്കിലുമാണ് പ്രധാനമായും ക്ലൗഡ് ഡ്രോപ്‌സ് വില്‍ക്കുന്നത്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ ഇതിലൂടെ വരുമാനമായി ലഭിക്കുന്നുണ്ട്.
സെഞ്ച്വറി പിന്നിട്ട ഭാസ്‌കരന്‍ ചേട്ടന്‍
സൈനികാശ്രമത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ടി.കെ. ഭാസ്‌കരന്‍. പ്രായം 106 വയസ്. കൊടുങ്ങല്ലൂരിലെ ഏങ്ങണ്ടിയൂരാണു സ്വദേശം. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ സൈനികനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ഭാസ്‌കരന്‍ ചേട്ടന്‍. സൈനിക സേവനത്തിനായി സിലോണ്‍ (ശ്രീലങ്ക), മലേഷ്യ (മലയ) തുടങ്ങിയ രാജ്യങ്ങളില്‍ പോയിട്ടുണ്ട്. സിലോണിലായിരിക്കുമ്പോള്‍ അവിടെ വച്ച് പരിചയപ്പെട്ട ശ്രീലങ്കന്‍ വംശജയെ ഭാസ്‌കരന്‍ ചേട്ടന്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഭാസ്‌കരന്‍ ചേട്ടന്റെ ഭാര്യയും മക്കളും ഇപ്പോള്‍ ശ്രീലങ്കയിലാണ്.
എന്നും രാവിലെ ആറിന് കൃത്യമായി എഴുന്നേല്‍ക്കുന്ന ഭാസ്‌കരന്‍ ചേട്ടന്‍ ഇപ്പോഴും പട്ടാള ചിട്ടയിലാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. അതു കൊണ്ടു തന്നെ തികച്ചും ആരോഗ്യവാനാണ്. ഷുഗറോ, പ്രഷറോ, കൊളസ്‌ട്രോളോ തിരിഞ്ഞുനോക്കിയിട്ടില്ല. എന്നും രാവിലെയും വൈകുന്നേരവും നടപ്പ് നിര്‍ബന്ധമാണു ഭാസ്‌കരന്‍ ചേട്ടന്. ഭക്ഷണത്തോടൊപ്പം മീനും, മാംസവും, മുട്ടയുമൊക്കെ കഴിക്കും. ഏതു ഭക്ഷണമായാലും അമിതമായി കഴിക്കുന്ന ശീലം ഒട്ടുമില്ല. ഓര്‍മശക്തിക്ക് ഒട്ടും മങ്ങലുമില്ല. പഴയ കാര്യങ്ങളൊക്കെ വ്യക്തമായി ഓര്‍ത്തെടുക്കാനും ഈ ' വാര്‍ വെറ്ററന് ' കഴിയുന്നു.