image

31 July 2023 10:30 AM

Kerala

ഓണത്തിന് 200 പുതിയ കെ സ്റ്റോറുകള്‍ തുടങ്ങും: ജി ആര്‍ അനില്‍

Kochi Bureau

ഓണത്തിന് 200 കെ സ്റ്റോറുകൾ കൂടി
X

Summary

  • ഒരേ വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്ന പ്രവണതയും നിലവില്‍ക്കുന്നുണ്ട്


ഓണത്തിന് മുമ്പായി 200 റേഷന്‍ കടകള്‍ കൂടി കേരള സ്റ്റോറുകളാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ഓണത്തിന് ന്യായവിലക്ക് ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തുമെന്നും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായിട്ടും വിപണി വിലയില്‍ നിന്ന് കുറച്ചാണ് സംസ്ഥാനത്ത് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതെന്നും കൃഷിക്കാര്‍ക്ക് നല്‍കാനുള്ള എല്ലാ അനുകൂല്യങ്ങളും ഓണത്തിന് മുന്‍പായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ ഒഴികെ എല്ലാം സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും മുന്‍പ് ജി ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു. മാവേലി സ്‌റ്റോറുകളിലും സപ്ലൈകോയിലും അവശ്യ വസ്തുക്കള്‍ പോലും കിട്ടാനില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.

സപ്ലൈകോയില്‍ സബ്‌സിഡി ഇനത്തില്‍ കാര്യമായ ഒരു സാധനങ്ങളും കിട്ടാനില്ല. വില വര്‍ധിച്ചതോടെ പൊതു വിപണിയില്‍ പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, പഴം, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതായും നിയമാനുസൃത ലേബലുകള്‍ കൂടാതെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഒരേ വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്ന പ്രവണതയും നിലവില്‍ക്കുന്നുണ്ട്. അതിനാല്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത്തവണത്തെ ഓണം വിപണിയില്‍ എക്കാലത്തെയും മികച്ച റെക്കോഡ് കളക്ഷന്‍ സപ്ലൈകോ സ്വന്തമാക്കുമെന്നാണ് വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. പൊതു വിപണിയില്‍ പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.