image

20 Dec 2023 7:07 AM GMT

Kerala

കെ റെയില്‍ ഉടന്‍ 5 മേല്‍പ്പാലങ്ങളുടെ പണി തുടങ്ങും; സ്ഥലമെടുപ്പിന് 51 കോടി

MyFin Desk

k rail will soon start work on 5 flyovers, 51 crore for land acquisition
X

Summary

  • 'ലെവല്‍ ക്രോസ് രഹിത കേരളം' പദ്ധതിയുടെ ഭാഗം
  • 27 മേല്‍പ്പാലങ്ങളാണ് കെ റെയില്‍ നിര്‍മിക്കുന്നത്
  • 72 മേല്‍പ്പാലങ്ങളുടെ ചുമതല പൊതുമരാമത്ത് വകുപ്പിന്


സംസ്ഥാനത്ത് 5 റെയില്‍വേ മേല്‍പ്പാലങ്ങള്‍ കൂടി നിര്‍മാണ ഘട്ടത്തിലേക്ക്. ഇടക്കുളങ്ങര, പോളയത്തോട് (കൊല്ലം), കോതനല്ലൂർ (കോട്ടയം), വെള്ളയിൽ (കോഴിക്കോട്), മാക്കൂട്ടം (കണ്ണൂർ) എന്നിവിടങ്ങളിലെ മേല്‍പ്പാല നിര്‍മാണങ്ങള്‍ക്കായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 51 കോടി രൂപ അനുവദിച്ചു. 'ലെവല്‍ ക്രോസ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഈ പാലങ്ങളുടെ നിര്‍മാണ ചുമതല കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ് (കെ റെയില്‍) നല്‍കിയിട്ടുള്ളത്.

നേരത്തേ കണ്ണപുരം, ചെറുകുന്ന്, മുഴപ്പിലങ്ങാട് ബീച്ച് (കണ്ണൂർ), ആട്ടൂർ, ഒല്ലൂർ (തൃശൂർ), അഴൂർ (തിരുവനന്തപുരം) എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 27 കോടി രൂപ അനുവദിച്ചിരുന്നു. മറ്റ് 12 മേല്‍പ്പാലങ്ങള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് ഉടന്‍തന്നെ പണം അനുവദിക്കും. ഈ 27 റെയില്‍വേ മേല്‍പ്പാലങ്ങളുടെയും നിര്‍മാണം നിര്‍വഹിക്കുന്നത് കെ റെയിലാണ്. 2021ലാണ് ഈ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനായി സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടത്.

ഇതിനു പുറമേ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 72 മേല്‍പ്പാലങ്ങള്‍ കൂടി വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഇവയുടെ നിര്‍മാണ ചുമതല. ഇതിലുള്‍പ്പെട്ട മൂന്ന് മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്, 10 എണ്ണം നിര്‍മാണ ഘട്ടത്തിലാണ്. കാഞ്ഞങ്ങാട്, ഫറോക്ക്, ഗുരുവായൂർ എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങളാണ് പൂര്‍ത്തിയായത്. 21 മേല്‍പ്പാലങ്ങള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.

പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ മേല്‍പ്പാലങ്ങളും പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത കുരുക്കുകള്‍ക്ക് വലിയ അളവില്‍ പരിഹാരമാകുമെന്നും ചരക്കുനീക്കം സുഗമമാക്കാനാകും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.