5 Jun 2023 6:15 PM IST
Summary
- നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാരത്തിലും കെ-ഫോണിന്റെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
കാത്തിരിപ്പിന് വിരാമമിട്ട് കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ടെലികോം രംഗത്തെ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദലാണ് കെ-ഫോണ്‍ എന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സേവനദാതാക്കളേക്കാള്‍ കുറഞ്ഞ നിരക്കിലാവും കെ-ഫോണ്‍ സൗകര്യങ്ങള്‍ ലഭിക്കുകയെന്നും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാരത്തിലും കെ-ഫോണിന്റെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'നമ്മുടെ രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ലഭ്യതയുള്ളത്. ഗ്രാമങ്ങളില്‍ അത് 25 ശതമാനം മാത്രമാണ്. ആദിവാസി സമൂഹങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യതയില്ല. അത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്നു,' മുഖ്യമന്ത്രി വ്യക്തമാക്കി.
നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വൈദ്യുതി-ഐടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവര വിനിമയ രംഗത്ത് വളര്‍ച്ച കൈവരിക്കുന്നതിനായി സംസ്ഥാനത്തുടനീളം എല്ലാ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുകയെന്നതാണ് പദ്ധതി ലക്ഷ്യം.
കെ-ഫോണിനും സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ക്കും കിഫ്ബിക്കും എതിരെ വിമര്‍ശനങ്ങളുയര്‍ത്തിയവര്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. സ്വകാര്യ സേവനദാതാക്കളുള്ളപ്പോള്‍ എന്തിനാണ് കെ-ഫോണ്‍ എന്ന് ചോദിക്കുന്നവരുടെ താല്‍പര്യം മറ്റുപലതുമാണെന്നും അദ്ദേഹം പറഞ്ഞു. കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതും വിഭവസമാഹരണവും നടത്തിയത് കിഫ്ബിയിലൂടെയാണ്. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും, എല്ലാ മേഖലകളിലും മുഴുവന്‍ പ്രദേശങ്ങളിലും എത്തിക്കാന്‍ കിഫ്ബിയിലൂടെ സാധിച്ചിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ വന്നുകൂടാ എന്ന് ചിന്തിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരാണ് കിഫ്ബി തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.