27 Feb 2024 9:54 AM GMT
Summary
- ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ല
- നിയമ ലംഘനം കൂടുതല്‍ ഗുരുതരമായ കുറ്റമാണ്
- കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമാകൂ
ചലാനുകളില്‍ ഫൈന്‍ അടക്കേണ്ട തുക പൂജ്യം (Rs- 0) എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നും അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ലെന്നും വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്.
നിയമ ലംഘനങ്ങള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമാകൂയെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്
പ്രധാനമായും ട്രാഫിക് സിഗ്നലുകൾ ഉള്ള ജംഗ്ഷനുകളിൽ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്നൽ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസ്സിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകൾ) കടന്ന് കാൽനടയാത്രികർക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളിൽ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്നലുകളിലെ ഇത്തരം നിയമലംഘനങ്ങൾ eChallan ചെയ്യപ്പെടുന്നതാണ്. അത്തരം eChallan ലഭിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി പ്രസ്തുത RTO എൻഫോഴ്‌സ്‌മെന്റിനെ ബന്ധപെടുകയോ അല്ലെങ്കിൽ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യുക.
അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ, Lane Traffic പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയിൽ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്താലും മേല്പറഞ്ഞ ശിക്ഷാ വിധികൾ തന്നെയായിരിക്കും.
അതിനാൽ ഫൈൻ തുകയില്ലാത്ത ചലാനുകൾ തീർപ്പുകൽപ്പിക്കുക അത്ര ഫൈൻ ആയ കാര്യമല്ല എന്നോർക്കുക.