5 March 2024 11:24 AM GMT
Summary
- കേരളത്തിന് ഒഴിച്ചുകൂടാനാകാത്ത വിഭാഗമാണ് ലോജിസ്റ്റിക്‌സെന്ന് വ്യവസായ വകുപ്പ്
- അഞ്ചേക്കറുള്ള മിനി പാര്‍ക്കുകള്‍ക്ക് മൂന്ന് കോടി രൂപ സബിസിഡി
- നൈപുണ്യ ശേഷി വികസന പദ്ധതികള്‍ അവതരിപ്പിക്കും.
ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ക്ക് ഏഴ് കോടി രൂപ വരെ നിക്ഷേപ സബ്‌സിഡി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് നയം പുറത്തിറക്കി. സംസ്ഥാന വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ക്കായി വ്യവസായഭൂമി പുനര്‍പാട്ടം ചെയ്യാനാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലോജിസ്റ്റിക്‌സ് മേഖലയിലെ കരട് നയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വ്യവസായവകുപ്പ് കരട് നയം പുറത്തിറക്കിയത്. പത്ത് ഏക്കര്‍ സ്ഥലമുള്ള പാര്‍ക്കിന് ഏഴ് കോടി രൂപയും അഞ്ചേക്കറുള്ള മിനി പാര്‍ക്കുകള്‍ക്ക് മൂന്ന് കോടി രൂപയുമാണ് സബ്‌സിഡി ശുപാര്‍ശ ചെയ്യുന്നത്. ലോജിസ്റ്റിക്‌സ് പാര്‍ക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുമെന്നും പാര്‍ക്കുകളുടെ അനുമതിക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും കരട് നയത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
സംസ്ഥാനത്തേക്ക് ഒന്നരലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ പുറത്ത് നിന്നും എത്തുന്നുണ്ട്. ഈ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വ്യവസായപങ്കാളികളെ ഉള്‍പ്പെടുത്തി ലോജിസ്റ്റിക്‌സ് കണ്‍സര്‍റ്റേറ്റീവ് ഫോറം യോഗവും ഇതോടനുബന്ധിച്ച് നടന്നു.
കരട് നയപ്രകാരം ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് ആവശ്യമായ നൈപുണ്യശേഷി വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. സ്റ്റോറേജ്, ഗതാഗതം, മറ്റ് സേവനങ്ങള്‍ എന്നീ മേഖലകളിലാണ് നൈപുണ്യവികസന പദ്ധതികള്‍.
ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, മിനി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ എന്നിവയ്ക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ് കരട് നയം ശുപാര്‍ശ ചെയ്യുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ലോജിസ്റ്റിക്‌സ് കോ-ഓര്‍ഡിനേഷന്‍ സമിതി, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന ലോജിസ്റ്റിക്‌സ് സെല്‍, നഗരങ്ങള്‍ക്കായി പ്രത്യേക സമിതി എന്നിവയും കരട് നയത്തിലുണ്ട്.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ലോജിസ്റ്റിക്‌സിന് കേരളത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. രാജ്യത്തെ എഫ്എംസിജി ഉത്പന്നങ്ങളില്‍ ആറുശതമാനത്തിലധികം കേരളമാണ് ഉപയോഗിക്കുന്നത്. ഈ സാധ്യത ഉപയോഗപ്പെടുത്തി ലോജിസ്റ്റിക്‌സ് മേഖലയില്‍ എങ്ങിനെ തൊഴിലവസരങ്ങള്‍ കൊണ്ടുവരാമെന്നതാണ് സമഗ്രനയത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിരുകളില്ലാത്ത സാധ്യതകളാണ് ലോജിസ്റ്റിക്‌സ് മേഖലയില്‍ കേരളത്തിനുള്ളതെന്ന് കെഎസ്‌ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്റണി പറഞ്ഞു. ഈ മേഖലയ്ക്ക് വളരാനാവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഇതിലെ വ്യവസായപങ്കാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോജിസ്റ്റിക്‌സ് മേഖലയിലെ കരട് നയം വ്യവസായവകുപ്പ് ഡയറക്ടറും കെഎസ്‌ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍ യോഗത്തില്‍ അവതരിപ്പിച്ചു. മേഖലയിലെ വ്യവസായപങ്കാളികളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് ജൂണ്‍ മാസത്തോടെ നയം അംഗീകാരത്തിനായി സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്‌ഐഡിസി ജനറല്‍മാനേജര്‍ വര്‍ഗീസ് മാലാക്കാരന്‍ നന്ദി അറിയിച്ചു.