image

2 Oct 2023 12:01 PM

Kerala

ഇമ്മ്യൂണോ-ഇന്ത്യ 2023'ശില്‍പ്പശാലയ്ക്ക് തുടക്കം

MyFin Desk

ഇമ്മ്യൂണോ-ഇന്ത്യ 2023ശില്‍പ്പശാലയ്ക്ക് തുടക്കം
X

Summary

  • തദ്ദേശവാസികളുടെ പരമ്പരാഗത അറിവുകള്‍ വീണ്ടെടുത്ത് ആധുനിക ശാസ്ത്രത്തില്‍ പ്രയോജനപ്പെടുത്താന്‍ ലോകാരോഗ്യ സംഘടന ഗുജറാത്തിലെ ജാംനഗറില്‍ ഒരു സ്ഥാപനം ആരംഭിക്കാനിരിക്കുകയാണ്.


തിരുവനന്തപുരം: എപ്പിജെനെറ്റിക് റെഗുലേഷന്‍ ഓഫ് ഇമ്മ്യൂണ്‍ റെസ്‌പോണ്‍സ് എന്ന പ്രമേയത്തില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ശില്‍പ്പശാലയ്ക്ക് ആര്‍ജിസിബിയുടെ ആക്കുളം കാമ്പസില്‍ തുടക്കമായി. ഇമ്മ്യൂണോ-ഇന്ത്യ 2023 എന്ന ശില്‍പ്പശാല കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ശേഖര്‍ സി. മാണ്ഡേ ഉദ്ഘാടനം ചെയ്തു.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഇമ്മ്യൂണോളജിക്കല്‍ സൊസൈറ്റീസ്, ഇന്ത്യന്‍ ഇമ്മ്യൂണോളജി സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് ഇമ്മ്യൂണോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഏഷ്യ-ഓഷ്യാനിയ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ആറ് അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 37 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ 22 വിദഗ്ധര്‍ ശില്‍പ്പശാലയിലെ സെഷനുകള്‍ നയിക്കും.

ആധുനിക ശാസ്ത്രം ലോകമെമ്പാടുമുള്ള പരമ്പരാഗത അറിവുകളും ഉള്‍ക്കൊള്ളണമെന്ന് സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാലയിലെ പ്രൊഫസര്‍ കൂടിയായ ഡോ. ശേഖര്‍ സി. മാണ്ഡേ പറഞ്ഞു.തദ്ദേശവാസികളുടെ പരമ്പരാഗത അറിവുകള്‍ വീണ്ടെടുത്ത് ആധുനിക ശാസ്ത്രത്തില്‍ പ്രയോജനപ്പെടുത്താന്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഇതിനായി ഒരു നീക്കിവച്ചിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഗുജറാത്തിലെ ജാംനഗറില്‍ ഒരു സ്ഥാപനം ആരംഭിക്കാനിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ജിസിബി സീനിയര്‍ സയന്റിസ്റ്റ് ഡോ.ടി.ആര്‍ സന്തോഷ് കുമാര്‍, ശാസ്ത്രജ്ഞരായ ഡോ.ദേവസേന അനന്തരാമന്‍, ഡോ.കെ.ബി ഹരികുമാര്‍ എന്നിവരും സംസാരിച്ചു.ശില്‍പ്പശാല ഒക്ടോബര്‍ ആറിന് സമാപിക്കും.