17 Jan 2024 7:39 AM GMT
737 കോടിയുടെ ഏറ്റെടുക്കലുമായി കേരള കമ്പനി, ടൂറിസം വളർച്ച ലക്ഷ്യമിട്ട് ഐബിഎസ് സോഫ്റ്റ്‌വെയര്‍
MyFin Desk
Summary
- ഐബിഎസ് പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി
- 2012-ലാണ് യുഎസ് ആസ്ഥാനമായുള്ള എപിഎസ് സ്ഥാപിതമായത്
- ഹോസ്പിറ്റാലിറ്റി വിപണിയിൽ ഐബിഎസ് വിപുലീകരണം ലക്ഷ്യമിടുന്നു
ഹോട്ടൽ, ട്രാവൽ മേഖലയിലെ സാങ്കേതിക വിദ്യ ദാതാക്കളായ എബൗവ് പ്രോപ്പർട്ടി സർവീസസ് (എപിഎസ്) ഏറ്റെടുക്കുന്നതായി തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിഎസ് സോഫ്റ്റ്‌വെയർ പ്രഖ്യാപിച്ചു. ആഗോള യാത്രാ വ്യവസായത്തിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് കമ്പനി ഈ കരാറിനെ കാണുന്നത്. 90 മില്യൺ യുഎസ് ഡോളർ (747 കോടി രൂപ) വിലമതിക്കുന്ന ഈ ഇടപാട്, ഹോസ്പിറ്റാലിറ്റി വിപണിയിൽ ഐബിഎസ് സോഫ്‌റ്റ്‌വെയറിന്‍റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആഗോള തലത്തിൽ യാത്രാ വ്യവസായത്തിന് സോഫ്‌റ്റ്‌വെയർ ഒരു സേവനമായി (SaaS) പ്രദാനം ചെയ്യുന്നതില്‍ ഐബിഎസ് സോഫ്‌റ്റ്‌വെയറിന്റെ കഴിവുകൾ കൂടുതൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പില്‍ പറയുന്നു. ആഗോള ഹോട്ടൽ ശൃംഖല, റിസോർട്ട്, ഗെയിമിംഗ് വിപണികൾ എന്നിവയ്ക്കായി ബുക്കിംഗ് മുതൽ പൂർത്തീകരണം വരെയുള്ള മുഴുവൻ ഉപഭോക്തൃ ആവശ്യകതകളും നിറവേറ്റുന്ന ഏകീകൃത പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതിന് ഈ ഏറ്റെടുക്കല്‍ സഹായിക്കും.
ഈ ഏറ്റെടുക്കലിലൂടെ, ഏറ്റവും വലുതും അറിയപ്പെടുന്നതുമായ നിരവധി ഹോട്ടലുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 36,000-ലധികം ഹോട്ടലുകൾ ഉപയോഗിക്കുന്ന ബുക്കിംഗ് എഞ്ചിനും വിതരണ പ്ലാറ്റ്‌ഫോമും ഐബിഎസ് സോഫ്റ്റ്‌വെയറിന്‍റെ കോൾ സെന്ററുമായും സൊലൂഷനുകളുമായും കൂട്ടിച്ചേര്‍ക്കപ്പെടുന്ന.
2012-ലാണ് യുഎസ് ആസ്ഥാനമായുള്ള എപിഎസ് സ്ഥാപിതമായത്. ലോകത്തെ പ്രമുഖ ഹോസ്പിറ്റാലിറ്റി സൊലൂഷനുകളായ പിഎംഎസ്, സിആർഎസ് എന്നിവ വികസിപ്പിച്ച വ്യവസായ പ്രമുഖനായ ആരോൺ ഷെപ്പേർഡ് ആണ് എപിഎസ് സ്ഥാപിച്ചത്.