4 Feb 2024 12:41 PM IST
Summary
- ഐബിഎസിന്റെ കേരളത്തിലെ രണ്ടാമത്തെ ക്യാംപസ്
- ഐബിഎസിന്‍റെ കേരളത്തിലെ രണ്ടാമത്തെ ക്യാംപസ്
- ഈ വര്‍ഷം 1000 പേരെ കൊച്ചിയില്‍ നിയമിക്കും
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഐബിഎസ് ക്യാംപസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിഎസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്യാമ്പസാണിത്. ആദ്യ ഘട്ടത്തില്‍ 4.2 ഏക്കറില്‍ വികസിപ്പിച്ചിട്ടുള്ള ക്യാംപസില്‍ 3000 ഐടി പ്രൊഫഷണലുകള്‍ക്ക് ഒരേസമയം ജോലി ചെയ്യാം. 14 നിലകളില്‍ 3.2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടമാണ് പണികഴിപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് ഐബിഎസിന്‍റെ ആദ്യ ക്യാംപസ് സ്ഥിതി ചെയ്യുന്നത്. വ്യോമ, കപ്പൽ ഗതാഗത, യാത്രാമേഖലകൾക്ക് ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ നൽകുന്നതില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ കമ്പനിയാണ് ഐബിഎസ്. 35 രാജ്യങ്ങളിൽ 5,000ല്‍ അധികം പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു.
ഇന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. വിദേശത്ത് അമേരിക്ക, കാനഡ, ബ്രസീൽ, യു കെ , ജർമ്മനി, യുഎഇ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ആസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഓഫീസുകൾ.
കൊച്ചി ഇന്‍ഫോപാർക്ക് ക്യാമ്പസിൽ തുടക്കത്തിൽ ആയിരം പേരാണ് ജോലി ചെയ്യുക. ഈ വർഷം ആയിരം പേരെക്കൂടി നിയമിക്കുമെന്ന് ഐബിഎസ് ചെയർമാൻ വി.കെ മാത്യൂസ് അറിയിച്ചിട്ടുണ്ട്.