image

25 Jan 2024 11:31 AM IST

Kerala

കേരളത്തിന്‍റെ കായിക ഉച്ചകോടിയില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ ; 22 കമ്പനികള്‍ പദ്ധതി അവതരിപ്പിച്ചു

MyFin Desk

big investments, 22 companies presented project at kerala sports summit
X

Summary

  • കൊച്ചിയിൽ 750 കോടിയുടെ സ്പോര്‍ട്‍സ് സിറ്റി
  • സ്‌പോർട്‌സ് വില്ലേജ് പദ്ധതിയുമായി സികെ വിനീതിന്‍റെ കമ്പനി
  • 650 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് പ്രീമിയർ ഗ്രൂപ്പ്


സംസ്ഥാനത്തെ കായിക മേഖലയിൽ വൻ നിക്ഷേപ സാധ്യതകളാണ് അന്താരാഷ്ട്ര കായിക ഉച്ചകോടി തുറന്നിടുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ വിവിധ കമ്പനികൾ സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദീകരിച്ചു.

കായിക രംഗത്ത് വൻ പദ്ധതികൾ നടപ്പാക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിൽ 750 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന കൊച്ചിൻ സ്‌പോർട്‌സ് സിറ്റിയാണ് ഇതിൽ പ്രധാനം. സ്റ്റേഡിയം, പരിശീലന കേന്ദ്രം, വാട്ടർ ഗെയ്മിങ് സോൺ, കൺവെൻഷൻ സെന്റർ തുടങ്ങി നിരവധി സൗകര്യങ്ങൾ ഇതിൽ ഉണ്ടാകും. മറ്റൊരു പ്രമുഖ കമ്പനിയായ ഗ്രൂപ്പ് മീരാൻ ഫുട്‌ബോൾ മേഖലയിൽ 800 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. 8 ഫുട്‌ബോൾ സ്റ്റേഡിയം, 4 പരിശീലന കേന്ദ്രങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുക.

കായിക താരങ്ങൾക്ക് ചെറുപ്രായത്തിൽ തന്നെ പരിശീലനം നൽകാൻ ലക്ഷ്യമിട്ടുള്ള സ്‌പോർട്‌സ് വില്ലേജ് പദ്ധതി തേർട്ടീൻ ഫൗണ്ടേഷനും അവതരിപ്പിച്ചു.ഫുട്‌ബോളർ സികെ വിനീതിന്റെ നേതൃത്വത്തിലാണ് തേർടീൻ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. കൊച്ചിയിൽ 650 കോടി ചെലവിൽ സ്‌പോർട്‌സ് സിറ്റി സ്ഥാപിക്കാനാണ് മറ്റൊരു കമ്പനി ആയ ലോർഡ്‌സ് സ്‌പോർട്‌സ് സിറ്റിയുടെ പദ്ധതി.

വാട്ടർ ആൻഡ് അഡ്വഞ്ചർ സ്‌പോർട്‌സ് രംഗത്ത് ജെല്ലിഫിഷ് പ്രോജക്ട് 200 കോടിയുടെ പദ്ധതി നടപ്പാക്കും. സ്‌പോർട്‌സ്, വെൽനസ് ആൻഡ് ലൈഫ് സ്‌റ്റൈൽ മേഖലയിൽ 650 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് പ്രീമിയർ ഗ്രൂപ്പും രംഗത്തുണ്ട്. ജിസിഡിഎ, ഇന്ത്യൻ സോഷ്യൽ ക്ലബ്, സ്‌പോർട്‌സ് വെഞ്ചർ തുടങ്ങി 22 ഓളം കമ്പനികൾ പദ്ധതികൾ അവതരിപ്പിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിക്ഷേപകരുമായി സംവദിച്ചു