4 Dec 2023 3:00 PM GMT
Summary
- 2022 വര്‍ഷത്തിലെ ഇതേ കാലയളവില്‍ 320 മെഗാവാട്ട് റൂഫ്‌ടോപ്പ് സോളാറാണ് സ്ഥാപിച്ചത്
- സോളാര്‍ സ്ഥാപിച്ചതില്‍ ഭൂരിഭാഗവും വീടുകളിലാണ്
- മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിൽ ഒന്നാം സ്ഥാനം ഗുജറാത്തിന്
2023 ലെ ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ ഇന്ത്യയിലെ റൂഫ്‌ടോപ്പ് സോളാര്‍ സ്ഥാപിക്കുന്നതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 34.7 ശതമാനം വര്‍ധന. മൊഡ്യൂള്‍ വിലയിലെ കുറവാണ് 431 മെഗാവാട്ട് വര്‍ധനയിലേക്ക് നയിച്ചതെന്ന് മെര്‍കോം ഇന്ത്യ പറയുന്നു.
2022 വര്‍ഷത്തിലെ ഇതേ കാലയളവില്‍ 320 മെഗാവാട്ട് റൂഫ്‌ടോപ്പ് സോളാറാണ് സ്ഥാപിച്ചത്. ഇക്കാലയളവില്‍ കേരളത്തിലെ മേല്‍ക്കൂരയിലെ സൗരോര്‍ജ്ജ പാനല്‍ സ്ഥാപനത്തില്‍ 15 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്.
കൂടാതെ, രാജ്യത്ത് ഇക്കാലയളവില്‍ റൂഫ് ടോപ്പ് സോളാര്‍ ശേഷിയുടെ കൂട്ടിച്ചേര്‍ക്കലിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2023 വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ അതായത് ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 1.3 ജിഗാവാട്ടിന്റെ കൂട്ടിച്ചേര്‍ക്കലാണുണ്ടായത്. ഇത് 2022 വര്‍ഷത്തിലെ ഇതേ കാലയളവില്‍ 1.2 ജിഗാവാട്ടായിരുന്നു. രാജ്യത്തെ ക്യുമിലേറ്റീവ് റൂഫ്‌ടോപ്പ് സോളാര്‍ കപ്പാസിറ്റി ഈ വര്‍ഷം സെപ്റ്റംബര്‍ 30 ആയപ്പോള്‍ 10.1 ജിഗാ വാട്ടിലേക്ക് എത്തിയിട്ടുണ്ടെന്ന് ക്യു3 2023 മെര്‍കോം ഇന്ത്യ റൂഫ്‌ടോപ്പ് സോളാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടുകൾ മുന്നിൽ
സോളാര്‍ സ്ഥാപിച്ചതില്‍ ഭൂരിഭാഗവും വീടുകളിലാണ്. അതിനു പിന്നാലെ് വാണിജ്യ, വ്യാവസായിക (സി ആന്‍ഡ് ഐ) മാര്‍ക്കറ്റ് വിഭാഗങ്ങളിലുമായിരുന്നു. ഇതേ പാദത്തിലെ ശരാശരി റൂഫ് ടോപ്പ് സൗരോര്‍ജ്ജ സംവിധാനം സ്ഥാപിക്കാനുള്ള ചെലവ് പ്രതിവര്‍ഷം 13.4 ശതമാനവും പാദാടിസ്ഥാനത്തില്‍ അഞ്ച് ശതമാനവും കുറഞ്ഞു.
മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് ഗുജറാത്താണ്. സംസ്ഥാനത്തെ സൗരോര്‍ജ്ജ പാനല്‍ സ്ഥാപന നിരക്ക് 26.7 ശതമാനമാണ്. രണ്ടാമത് 13.5 ശതമാനവുമായി മഹാരാഷ്ട്രയും മൂന്നാമത് 8.3 ശതമാനവുമായി രാജസ്ഥാനുമാണ്. 2023 സെപ്റ്റംബറിലെ കണക്കനുസരിച്ച് മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചതില്‍ 77 ശതമാനവും സംസ്ഥാനത്തെ മികച്ച 10 സംസ്ഥാനങ്ങളിലാണ്. 2022 മൂന്നാം പാദത്തിനും 2023 മൂന്നാം പാദത്തിനും ഇടയില്‍ കേരളം 15 ശതമാനവും ഗുജറാത്ത് (7.3 ശതമാനം), മഹാരാഷ്ട്ര (5.1 ശതമാനം) എന്നിങ്ങനെ സംയോജിത വളര്‍ച്ച രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2023 ലെ മൂന്നാം പാദത്തില്‍ 119 മെഗാവാട്ട് റൂഫ് ടോപ്പ് സോളാര്‍ ടെന്‍ഡറുകളാണ് പ്രഖ്യാപിച്ചത്. 2022 മൂന്നാം പാദത്തിലെ 310.6 മെഗാവാട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 61.6 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ പാദത്തില്‍ മൊത്തം ടെന്‍ഡര്‍ ശേഷിയുടെ 62 ശതമാനവും രാജസ്ഥാന്‍, ഗുജറാത്ത്, കേരളം, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായി ആയിരുന്നു.സൗരോര്‍ജ്ജത്തിന് വന്‍ ഡിമാന്‍ഡ്;