28 April 2024 5:36 AM GMT
Summary
- ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക.
- കേസിൽ ഹൈറിച്ച് കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തി. അഡീഷണൽ സെഷൻ കോടതിയാണ് ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത്. ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക. കളക്ടർ താത്കാലികമായി ജപ്തിചെയ്ത നടപടിയാണ് മൂന്നാം അഡീഷണൽ സെഷൻസ് കോടതി സ്ഥിരപ്പെടുത്തിയത്. 67 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളും ഭൂസ്വത്തും ഇതിൽ ഉൾപ്പെടുന്നു.
കേസിൽ ഹൈറിച്ച് കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് സ്ഥിരപ്പെടുത്തണമെന്ന സർക്കാരിന്റെ അപേക്ഷയിലാണിപ്പോൾ കോടതി വിധി ഉണ്ടായിരിക്കുന്നത്. സ്വത്ത് സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ വാദം കോടതി അംഗീകരിക്കുകയും സ്വത്ത് സർക്കാരിലേക്കെടുക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ഏപ്രിൽ 25ന് തന്നെ പൂർത്തിയായിരുന്നു. കേസ് മണിചെയിൻ തട്ടിപ്പല്ലെന്നും സാമ്പത്തിക തട്ടിപ്പുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്നുമായിരുന്നു ഹൈറിച്ചിന്റെ വാദം. എന്നാൽ കള്ളപ്പണ നിരോധന നിയമമടക്കമുപയോഗിച്ച് കേസെടുത്ത സാഹചര്യം പരിഗണിച്ചും സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചുമാണ് കേസിൽ ഇപ്പോൾ കോടതി വിധിയുണ്ടായിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പെന്ന് പോലീസ് സംശയിക്കുന്നതാണ് ഹൈറിച്ച് കേസ്. ആകെ 1,630 കോടി രൂപ ഇവർ പിരിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ നൽകിയ രേഖയിൽ പറഞ്ഞിരുന്നു. ഗ്രോസറി ഉത്പന്നങ്ങളുടെ വിൽപ്പനയുടെ മറവിലാണ് ഇവർ മണിചെയിൻ തട്ടിപ്പ് നടത്തിയിരുന്നത്.
കേരളത്തിൽ മാത്രം 78 ബ്രാഞ്ചുകൾ ഉണ്ടെന്നാണ് വിവരം. ഇന്ത്യയിലൊട്ടാകെ 680 എണ്ണവും. ക്രിപ്‌റ്റോ കറൻസി ഇടപാട് ഉൾപ്പെടെ മറ്റ് ഇടപാടുകളും സ്ഥാപനം നടത്തിയിരുന്നു. ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ സ്ഥാപനവും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വൻ പലിശ വാഗ്ദാനംചെയ്ത് തുക നിക്ഷേപമായി സ്വീകരിക്കുന്നുണ്ടെന്ന സംശയവും അധികൃതർക്കുണ്ട്. തൃശ്ശൂർ ആറാട്ടുപുഴ ഞെരുവശ്ശേരി ആസ്ഥാനമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.