15 Nov 2024 11:14 AM IST
അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയ്ക്ക് കൂടുതൽ യൂസർ ഫീ ഈടാക്കാമെന്നു വ്യക്തമാക്കി മാർഗരേഖ പുതുക്കി തദ്ദേശ വകുപ്പ്. മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ചും നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം. നിലവിൽ സ്ഥാപനങ്ങൾക്കു നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 രൂപയാണ്.
വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ പഞ്ചായത്തുകളിൽ കുറഞ്ഞത് 50 രൂപയും നഗരസഭകളിൽ കുറഞ്ഞത് 70 രൂപയും തുടരാമെന്നാണു മാർഗരേഖയിൽ പറയുന്നു. നിശ്ചയിക്കുന്ന നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനമെടുത്തു പ്രസിദ്ധീകരിക്കണം. വലിയ അളവിൽ മാലിന്യമുള്ള സ്ഥാപനങ്ങളിൽ നിന്നു പ്രതിമാസം 5 ചാക്ക് വരെ കുറഞ്ഞത് 100 രൂപ നിരക്കിലും അധികമായി വരുന്ന ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപയും ഈടാക്കണം.
യൂസർ ഫീ നൽകാത്ത കെട്ടിട ഉടമകളിൽ നിന്നു കുടിശിക, വസ്തു നികുതി പോലെ തദ്ദേശ സ്ഥാപന സെക്രട്ടറി ഈടാക്കി തൊട്ടടുത്ത മാസം ഹരിതകർമസേന കൺസോർഷ്യം അക്കൗണ്ടിലേക്ക് കൈമാറണം. യൂസർ ഫീസിനായി ഉപയോഗിക്കുന്ന രസീത് ഏകീകൃത രൂപത്തിലാകണമെന്നും ഇതു തദ്ദേശ സ്ഥാപനം അച്ചടിച്ച് ഹരിതകർമസേനാ ഭാരവാഹികൾക്കു കൈമാറണമെന്നും മാർഗരേഖയിൽ വ്യക്തമാക്കി.