16 Dec 2023 12:38 PM GMT
Summary
- ദ് ഇൻഡസ് ഓൻട്രപ്രണർ (ടൈ) സംഘടിപ്പിച്ച ടൈകോൺ കേരള സംരംഭക സമ്മേളനം
- കൃഷി രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും സംരംഭകർ തയാറാവണം
- സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സിജിഎച്ച് ഗ്രൂപ്പ് സഹ സ്ഥാപകൻ ജോസ് ഡൊമിനിക്കിന്
സ്പോർട്ട്സ് മേഖല, ലോകമൊട്ടാകെ വൻ കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് എംആർഎഫ് വൈസ് ചെയർമാനും എംഡിയുമായ അരുൺ മാമ്മൻ പറഞ്ഞു. ഈ മേഖലയിൽ വികസനത്തിന് വിപുലമായ സാധ്യതകളുണ്ട്. യുവതലമുറ സ്പോർട്ട്സിനെ തങ്ങളുടെ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റി. സ്പോർട്ട്സ് വിപണി വളർച്ചയുടെ പാതയിലാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ്, എംആർഎഫ് സ്പോർട്സ് രംഗത്ത് നിരവധി പരിപാടികളുമായി സജീവമായത്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് എംആർഎഫ് സ്പോർട്സ് രംഗത്ത് പ്രവേശിച്ചത്. ക്രിക്കറ്റ് മാത്രമല്ല കബഡിയും അത്‌ലറ്റിക്സും ഗുസ്തിയും എംആർഎഫ് പ്രോൽസാഹിപ്പിക്കുന്നുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അരുൺ മാമ്മൻ പറഞ്ഞു.
രാജ്യം കാർഷിക സംരംഭങ്ങൾക്ക് മുൻഗണന നൽകണമെന്നും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഭരത് ബയോടെക് സഹസ്ഥാപകയും എംഡിയുമായ സുചിത്ര എല്ല പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷി രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും സംരംഭകർ തയാറാവണം.
ദ് ഇൻഡസ് ഓൻട്രപ്രണർ (ടൈ) സംഘടിപ്പിച്ച ടൈകോൺ കേരള സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുചിത്ര എല്ല. സംരംഭകത്വ സമ്മേളനമായ ‘ടൈകോൺ കേരള 2023’ന്റെ 12-ാമത് എഡിഷൻ വെള്ളിയാഴ്ച ആരംഭിച്ചു 'ഡ്രൈവിംഗ് ദി ചേഞ്ച് - അൺലോക്കിംഗ് പൊട്ടൻഷ്യൽ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും വിഭവ പരിമിതികളും പോലുള്ള വെല്ലുവിളികൾ നേരിടുന്ന ലോകത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷിക രീതികളിൽ വിപ്ലവം സൃഷ്ടിക്കുന്ന സംരംഭകരുടെ പ്രാധാന്യത്തെക്കുറിച്ച് സുചിത്ര എല്ല ഓർമ്മിപ്പിച്ചു. കോവിഡ് വാക്‌സിൻ ഉള്പ്പെ ടെ 19ഓളം വാക്‌സിനുകള്‍ നിര്മിതച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് ഭാരത് ബയോടെക്.
സമ്മേളനത്തിൽ പുതുതലമുറ സംരംഭകനുള്ള ടൈ അവാർഡ് മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യുവിന് സുചിത്ര എല്ലയും മുഹമ്മദ് ഹനീഷും ചേർന്ന് സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് സിജിഎച്ച് ഗ്രൂപ്പ് സഹ സ്ഥാപകൻ ജോസ് ഡൊമിനിക് അർഹനായി.
മറ്റു പുരസ്ക്കാരങ്ങൾ–സ്റ്റാർട്ടപ് സംരംഭകൻ–റമീസ് അലി (ഇന്റർവെൽ), സ്കെയിൽ അപ് സംരംഭകൻ– ബാവിൽ വർഗീസ് (സി.ഇലക്ട്രിക്), ഇക്കോസിസ്റ്റം എനേബ്ലർ–ആർ.റോഷൻ (മാതൃഭൂമി), ഇന്നവേറ്റർ ഓഫ് ദി ഇയർ–സന്ദിത് തണ്ടാശേരി (നവാൽറ്റ് സോളർ ബോട്ട്സ്), ഈ വർഷത്തെ സംരംഭകൻ–സുമേഷ് ഗോവിന്ദ് (പാരഗൺ റസ്റ്ററന്റ്സ്).
കുടുംബ ബിസിനസുകളുടെ ദീർഘായുസ്സിന്റെ രഹസ്യങ്ങൾ പ്രതിപാദിക്കുന്ന "മൂന്ന് തലമുറകൾക്കപ്പുറം" എന്ന പുസ്തകം സംരംഭകരായ നവാസ് മീരാൻ, ഫിറോസ് മീരാൻ, ജോർജ് സ്കറിയ, എം.എസ്.എ കുമാർ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു.
സമ്മേളനത്തില്‍ എ.പി.എം മുഹമ്മദ് ഹനീഷ്, ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവനൂര്‍, ടൈ കേരളയുടെ വൈസ് പ്രസിഡന്റും ടൈക്കോണ്‍ കേരള 2023 ചെയര്മാകനുമായ ജേക്കബ് ജോയ്, എം.ആര്‍.എഫ് വൈസ് ചെയര്മാമനും എം.ഡിയുമായ അരുണ്‍ മാമ്മന്‍, ടൈ ഗ്ലോബല്‍ ബോര്ഡ്ക ഓഫ് ട്രസ്റ്റീസ് ചെയര്‍ ശങ്കര്‍ റാം, ടൈ കേരള ചെയറും വെഞ്ച്വര്‍ വെയ്‌സ് എം.ഡിയുമായ വിനയ് ജെയിംസ് കൈനടി, ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.