30 Nov 2023 1:33 PM IST
Summary
- വിവിധ ജില്ലകളിലേക്കായി താല്‍പ്പര്യപത്രം ക്ഷണിച്ചു.
- 50 മുതല്‍ 100 വരെ ആളുകള്‍ക്ക് ഇരിക്കാവുന്ന എ.സി സൗകര്യമുളള പ്രീമിയം കഫേകളാണ് ഒരുക്കുന്നത്
- അടിസ്ഥാന സൗകര്യ വികസനത്തിന് 20 ലക്ഷം
ജനകീയ ഹോട്ടലുകൾക്ക് പിന്നാലെ ആഡംബര ഹോട്ടലുകളുടെ മാതൃകയിൽ പ്രീമിയം ഹോട്ടലുകളുടെ ശൃംഖലയുമായി എത്തുകയാണ് കുടുംബശ്രീ. പ്രീമിയം കഫേകള്‍ ആരംഭിക്കാനാണ് കുടുംബശ്രി പുതുതായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.. ഇതിനായി കുടുംബശ്രി അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് വിവിധ ജില്ലകളിലേക്കായി താല്‍പ്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. 50 മുതല്‍ 100 വരെ ആളുകള്‍ക്ക് ഇരിക്കാവുന്ന എ.സി സൗകര്യമുളള പ്രീമിയം കഫേകളാണ് ഉദ്ദേശം. പാര്‍ക്കിംഗ് സൗകര്യം, മെച്ചപ്പെട്ട ശുചിമുറികള്‍, ആധുനിക ഫര്‍ണിച്ചര്‍ എന്നിവ കഫേകളില്‍ ഉണ്ടായിരിക്കും. പൂർണമായും എയർകണ്ടീഷൻ ചെയ്ത ഭക്ഷണശാലകളിൽ ആധുനിക സൗകര്യങ്ങളോടുകൂടി സ്വാദിഷ്ടമായ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം
സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പ്രത്യേക സൗകര്യം
ഉയര്‍ന്ന നിലവാരമുള്ള ടോയ്‌ലറ്റ്
നാപ്കിന്‍ വില്‍ക്കുന്നതും നശിപ്പിക്കുന്ന യന്ത്രങ്ങള്‍
ആധുനിക ഫര്‍ണിച്ചറുകള്‍, ക്യാബിന്‍
ആഡംബര ഹോട്ടലുകളുമായി താരതമ്യപ്പെടുത്താം
50 മുതല്‍ 100 വരെ ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയും
അടിസ്ഥാന സൗകര്യ വികസനത്തിന് 20 ലക്ഷം
ഓരോ കഫേയുടെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കുടുംബശ്രീ 20 ലക്ഷം രൂപ നല്‍കും. കൂടുതല്‍ തുക ആവശ്യമാണെങ്കില്‍ യൂണിറ്റുകള്‍ തന്നെ അത് സ്വരൂപിക്കണം. 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ മുതല്‍ ഈ സംരംഭം ആരംഭിക്കാം. നിലവില്‍ ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള നഗരസഭാ കെട്ടിടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ആദ്യ പ്രീമിയം കഫേ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് ഹോട്ടല്‍ നടത്തിപ്പിന്റെ ചുമതല. താല്‍പ്പര്യപത്രം സമര്‍പ്പിക്കേണ്ടതിന്റെ വിശദവിവരങ്ങള്‍ ജില്ലാ മിഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി
കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡിയിനത്തില് 33.6 കോടി രൂപ സർക്കാർ അനുവദിച്ചതായി നവംബർ 17-ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്റ്റർ ഇറക്കിയ ഒരു പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.
കേരളമൊട്ടാകെ പ്രവര്ത്തിക്കുന്ന 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇത് ഏറെ ആശ്വാസമാകും. 2022 ഡിസംബര് മുതല് 2023 ഓഗസ്റ്റുവരെയുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയിലാണ് ഇപ്പോള് 33.6 കോടി രൂപ അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തിക വര്ഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയിൽ നിന്നാണിത്.
2019-20 സാമ്പത്തിക വര്ഷത്തിൽ സംസ്ഥാന സര്ക്കാര് ബജറ്റില് അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില് ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകള്. നിര്ദ്ധനര്, പാര്ശ്വവല്ക്കരിക്കപ്പെട്ടവര്, അഗതികള്, കിടപ്പു രോഗികള് എന്നിവര്ക്ക് എല്ലാ ദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തുടർന്ന് സംസ്ഥാനമൊട്ടാകെ സംരംഭമാതൃകയിൽ പദ്ധതി നടപ്പാക്കുകയായിരുന്നു.
ഊണിന് ഇരുപത് രൂപയും പാഴ്സലിന് ഇരുപത്തിയഞ്ച് രൂപയും എന്ന നിരക്കിലാണ് ജനകീയ ഹോട്ടലുകളില് ഊണ് നല്കിയിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഊണൊന്നിന് പത്തു രൂപ നിരക്കിൽ സംരംഭകർക്ക് സബ്സിഡിയും നല്കിയിരുന്നു.
കോവിഡ് ഭീഷണി ഇല്ലാതാവുകയും സാമൂഹിക ജീവിതം കോവിഡ് കാലത്തിനു മുമ്പുളള നിലയിലേക്ക് മാറുകയും ചെയ്തതോടെയാണ് സബ്സിഡി നിര്ത്തലാക്കിയത്. പകരം സംരംഭകര്ക്ക് സാമ്പത്തിനിർദേശ പ്രകാരം ഓരോ ജില്ലയിലും ഊണൊന്നിന് മുപ്പതു മുതൽ നാൽപ്പത് രൂപ വരെ വില നിശ്ചയിച്ചിട്ടുണ്ട്.
നിലവിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി വഴി 5043 വനിതകൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നുണ്ട്.