image

8 April 2024 11:45 AM GMT

Kerala

യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്; ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ 50 കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക്

MyFin Desk

free heart surgery for babies, golden heart initiative as a helping hand
X

Summary

ജന്മനാലുള്ള ഹൃദയരോഗങ്ങൾക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കിയത്


എംഎ യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ടിനോടുള്ള ആദരവായി 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്.

സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്തക്രിയ നല്‍കാന്‍ ലക്ഷ്യമിട്ട് പ്രവാസി സംരംഭകനും, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചതാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്.

യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ സംരംഭം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭമായ ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് സൗജന്യമായി പൂര്‍ത്തിയാക്കിയത്.

വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയായ സംരംഭത്തിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ്.

ചിലവു കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കാണ് സഹായം എത്തിച്ചത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ ലഭ്യമാക്കി.

ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് കൈത്താങ്ങായത്. ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് സംരംഭത്തിന്റെ ഭാഗമായുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ നടത്തിയത്.

ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവിലൂടെ കുട്ടികള്‍ അവരുടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.