13 Dec 2023 8:42 AM GMT
Summary
- 4798 സ്വര്‍ണക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
- മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023 ല്‍ റെക്കോര്‍ഡ് കള്ളക്കടത്ത്
- കണക്കുകള്‍ സര്‍ക്കാര്‍ പാര്‍ലമെന്റെില്‍ അറിയിച്ചത്
ജനുവരി മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്ത് ഈ വര്‍ഷം റെക്കോര്‍ഡ് കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ അറിയിച്ചു.
സര്‍ക്കാര്‍ പാര്‍ലമെന്റെില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം 3917.52 കിലോഗ്രാം സ്വര്‍ണ്ണം കഴിഞ്ഞ പത്തു മാസത്തിനിടയില്‍ പിടിച്ചെടുത്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023 ല്‍ റെക്കോര്‍ഡ് കള്ളക്കടത്ത് സ്വര്‍ണം പിടികൂടുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്ത കേസുകള്‍
2023 ഒക്‌ടോബര്‍ വരെ രാജ്യത്ത് 4798 സ്വര്‍ണക്കടത്ത് കേസുകള്‍ രേഖപ്പെടുത്തുകയും 3,917.52 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 2022 ല്‍ 3502.16 കിലോ സ്വര്‍ണം പിടികൂടുകയും 3,982 കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2021 ല്‍ 2383 കിലോ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയപ്പോള്‍ 2445 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020 ല്‍ 2155 കിലോ കള്ളക്കടത്ത് സ്വര്‍ണം പിടികൂടുകയും 2,567 കേസുകള്‍ കണ്ടെത്തുകയും ചെയ്തു. കള്ളക്കടത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന വിദേശ പൗരന്മാര്‍ക്കെതിരെ 2020 മുതല്‍ ഇതുവരെ ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കള്ളക്കടത്ത് തടയുന്നതിനുളള മാര്‍ഗ്ഗങ്ങള്‍
കള്ളക്കടത്ത് തടയുന്നതിന്, കസ്റ്റംസ് ഫീല്‍ഡ് രൂപീകരണങ്ങളും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും നിരന്തരം ജാഗ്രത പാലിക്കുന്നുണ്ടെന്നും യാത്രക്കാരുടെ പ്രൊഫൈലിംഗ്, ചരക്കുകളുടെ സൂക്ഷ്മ നിരീക്ഷണം, വിതരണ ശൃംഖലയുടെ ഇടപെടലുകള്‍, വിമാനങ്ങളിൽ പരിശോധന എന്നിവ നടത്താറുണ്ടെന്നും മന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ അറിയിച്ചു
വിവിധ ഏജന്‍സികളെ ഏകോപിച്ച്, കള്ളക്കടത്തിന്റെ പുതിയ രീതികളെക്കുറിച്ച് ബോധവല്‍ക്കരിണ പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.