13 May 2024 11:30 AM GMT
Summary
- ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരായ തൊഴില്‍ അന്വേഷകര്‍ക്ക് ജര്‍മ്മന്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് എല്ലാ സഹായങ്ങളും വിവരങ്ങളും പിന്തുണയും ഈ പദ്ധതി നല്‍കും.
- പ്രവേശനം സൗജന്യമാണ്.
- സെന്‍ട്രം 15 വര്‍ഷത്തിലധികമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
ജര്‍മ്മനിയിലേയ്ക്ക് തൊഴില്‍ നൈപുണ്യമുളളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡെല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്‌സ്മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ഇന്‍ഫര്‍മേഷന്‍ സെഷന്‍ സംഘടിപ്പിക്കുന്നു.
ജര്‍മ്മനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊറെക്കഗ്‌നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്. ജര്‍മ്മനിയിലെ താമസവും ജോലിയും സംബന്ധിച്ചുള്ള വിഷയങ്ങള്‍ സെഷനുകള്‍ ചര്‍ച്ചചെയയ്ും. കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 16 നും തിരുവനന്തപുരത്തെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 17 നും വൈകുന്നേരം 3.30 മുതല്‍ നടക്കും
തിരുവനന്തപുരത്തും കൊച്ചിയിലുമായി 150 സീറ്റുകള്‍ വീതമാണുള്ളത്. പ്രവേശനം സൗജന്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. താത്പര്യമുള്ളവര്‍ക്ക് events@goethe-zentrum.org എന്ന മെയില്‍ ഐഡിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
സംസ്ഥാനത്ത് നടപ്പാക്കുന്ന പരിപാടികളില്‍ ആദ്യത്തേതാണ് ഇതെന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ കേരളത്തിലെ ഓണററി കോണ്‍സലും ഗോഥെ-സെന്‍ട്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരായ തൊഴില്‍ അന്വേഷകര്‍ക്ക് ജര്‍മ്മന്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് എല്ലാ സഹായങ്ങളും വിവരങ്ങളും പിന്തുണയും ഈ പദ്ധതി നല്‍കും. കുടുംബത്തെ റീലൊക്കേറ്റ് ചെയ്യുന്നത് സംബന്ധിച്ചും സ്‌കൂള്‍ സംവിധാനങ്ങള്‍, പരിശീലനം, വിനോദം എന്നിങ്ങനെ എല്ലാ വിഷയങ്ങളെ പറ്റിയും വിദഗ്ധരുമായി സംസാരിക്കുന്നതിനും സംശയനിവാരണം വരുത്തുന്നതിനും സെഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മ്മനിയില്‍ തൊഴില്‍ വിജയം കൈവരിക്കുന്നതിനുള്ള ഘടകങ്ങളെക്കുറിച്ചും ആവശ്യമായ രേഖകള്‍, അംഗീകാരം ലഭിക്കുന്നതിനുള്ള ഘട്ടങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും പ്രൊറെക്കഗ്‌നീഷനില്‍ നിന്നുള്ള വിദഗ്ധര്‍ വിവരിക്കും. ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്‌സ്' പദ്ധതിയില്‍ ചേരുന്നതിനുള്ള വിശദവിവരങ്ങളും ചര്‍ച്ച ചെയ്യും.
ലോകമെമ്പാടുമുള്ള ജര്‍മ്മന്‍ ഭാഷയെയും സാംസ്‌കാരിക വിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്ന ജര്‍മ്മനിയുടെ സാംസ്‌കാരിക സ്ഥാപനമായ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനങ്ങള്‍ ജീവിതവിജയം കൈവരിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്നതിന് പര്യാപ്തമാണ്. പരീക്ഷാ പരിശീലനം, വ്യക്തിഗത സംവാദം, ഭാഷാ പഠനത്തിനുള്ള മാര്‍ഗനിര്‍ദേശം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റ് ജര്‍മ്മന്‍ പങ്കാളികളുമായുള്ള ഇന്‍ഫര്‍മേഷന്‍ സെഷനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിസ സംബന്ധിച്ച വിവരങ്ങള്‍, ബ്ലു കാര്‍ഡ് യോഗ്യത, പ്രൊഫഷണല്‍ യോഗ്യതകളുടെ അംഗീകാരം, ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ഈ സെഷനുകളില്‍ ചര്‍ച്ച ചെയ്യും.
യൂറോപ്യന്‍ യൂണിയന് പുറത്തുള്ള കുടിയേറ്റക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് എളുപ്പത്തില്‍ കുടിയേറ്റം സാധ്യമാക്കുന്ന ഒരു നിയമം ജര്‍മ്മനി കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു.
ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ശൃംഖലയുടെ ഭാഗമായ സെന്‍ട്രം 15 വര്‍ഷത്തിലധികമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ജര്‍മ്മനിയിലേയ്ക്ക് കുടിയേറുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ഭാഷാ, പരീക്ഷാ പരിശീലനം, ഒപ്പുകളുടെയും രേഖകളുടെ പകര്‍പ്പുകളുടെയും സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നു.