image

15 Nov 2024 6:31 AM GMT

Kerala

സീപ്ലെയിൻ പദ്ധതിക്കെതിരെ വനംവകുപ്പ്, ഡാമില്‍ വിമാനമിറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിന് തടസ്സം

MyFin Desk

seaplane project, forest department has given a letter to the collector
X

സീപ്ലെയിൻ പദ്ധതിക്കെതിരെ വനംവകുപ്പ്, ഡാമില്‍ വിമാനമിറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിന് തടസ്സം

ടൂറിസം വകുപ്പിന്‍റെ സ്വപ്ന പദ്ധതിയായ സീ പ്ലെയിൻ സർവീസ് അനിശ്ചിതത്വത്തിൽ. മാട്ടുപ്പെട്ടി ജലാശയത്തിൽ വിമാനം ഇറക്കുന്നതിനെതിരേ വനം വകുപ്പ് ഇടുക്കി ജില്ലാ കലക്റ്റർക്ക് കത്ത് നൽകി. മൂന്നാർ ഡിഎഫ്ഒ ഇൻ-ചാർജ് ജോബ് ജെയ നേര്യംപറമ്പിലാണ് തടസവാദം ഉന്നയിച്ച് കലക്റ്റർക്ക് കത്ത് നൽകിയിരിക്കുന്നത്.

സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാട്ടുപ്പട്ടി ജലാശയം വനമേഖലയ്ക്ക് സമീപത്താണ്. ആനമുടി ഷോല ദേശീയോദ്യാനത്തില്‍നിന്ന് 3.5 കിലോമീറ്റര്‍ ആകാശദൂരം മാത്രമാണുള്ളത്. വൃഷ്ടിപ്രദേശത്ത് സദാസമയവും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. ആനകള്‍ ജലാശയം മുറിച്ചുകടന്ന് ദേശീയോദ്യാനങ്ങളിലേക്ക് സഞ്ചരിക്കുന്നതും പതിവാണ്.

ജലാശയത്തില്‍ വിമാനമിറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിന് തടസ്സമാകും. മറ്റ് വന്യജീവികളുടെ സൈ്വരവിഹാരത്തിനും ഇത് തടസ്സം സൃഷ്ടിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷസാധ്യത കൂട്ടും.പാമ്പാടുംഷോല ദേശീയോദ്യാനം, കുറിഞ്ഞിമല ഉദ്യാനം തുടങ്ങിയ പരിസ്ഥിതിദുര്‍ബല മേഖലകളും ജലാശയത്തില്‍നിന്ന് അധികം അകലെയല്ല. കാട്ടാനകളുടെ ആവാസകേന്ദ്രമായ കണ്ണന്‍ ദേവന്‍ ഹില്‍സ് റിസര്‍വ് ജലാശയത്തിന് സമീപത്താണ്. ഇത്തരം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തോടെയുള്ള ലഘൂകരണ പദ്ധതി പ്രദേശത്ത് നിര്‍ബന്ധമായും നടപ്പാക്കണമെന്നും കത്തില്‍ പറയുന്നു.

സീപ്ലെയിൻ പോലുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഉണ്ടാവാൻ സാധ്യത ഉള്ള മനുഷ്യ വന്യമൃ​ഗ സംഘർഷം ഒഴിവാക്കാൻ ഇടപെടൽ നടപ്പിലാക്കണമെന്നും കത്ത് സൂചിപ്പിയ്ക്കുന്നു. സീപ്ലെയിൻ ഇറങ്ങുന്നത് കാട്ടാനകളുടെ സൈര്യവിഹാരം തടസപ്പെടുത്തുമെന്നാണ് വനം വകുപ്പിന്റെ വാദം. ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്ന പദ്ധതി, വനം വകുപ്പിന്റെ ഇടപെടൽ മൂലം തുടക്കത്തിലേ തടസപ്പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്.