image

30 Jan 2024 6:57 AM GMT

Kerala

എറണാകുളം ബസ് ഡിപ്പോ നവീകരണം; ഫെബ്രു. 24ന് തറക്കല്ലിടൽ

Tvm Bureau

ernakulam ksrtc stand upgrading
X

Summary

  • 701.97 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിഎസ്എംഎൽ ഇതിനകം കൊച്ചി നഗരത്തിൽ പൂർത്തിയാക്കിയത്
  • എറണാകുളം ബസ് സ്റ്റേഷൻ സിറ്റി ട്രാൻസ്പോർട്ടേഷൻ ഹബ്ബായി മാറും
  • കാരക്കാമുറിയിലുള്ള 2.9 ഏക്കർ സ്ഥലത്താണ് ട്രാൻസ്പൊർട്ടേഷൻ ഹബ് സ്ഥാപിക്കുന്നത്


കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷൻ ആധുനിക നിലവാരത്തിൽ നവീകരിച്ച് സിറ്റി ട്രാൻസ്പൊർട്ടേഷൻ ഹബ്ബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും.

സിറ്റി ട്രാൻസ്പൊട്ടേഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റും കെഎസ്ആർടിസിയും വൈറ്റില മൊബിലിറ്റി ഹബ്ബും കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു. -

തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി.

എറണാകുളം കാരക്കാമുറിയിലുള്ള 2.9 ഏക്കർ സ്ഥലത്താണ് ട്രാൻസ്പൊർട്ടേഷൻ ഹബ് സ്ഥാപിക്കുന്നത്. കൊച്ചി കോർപറേഷൻ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപയാണ് ആദ്യഘട്ടത്തിൽ പ്രൊജക്റ്റിന് വകയിരുത്തിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ എ എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിളാ മേരി ജോസഫ് ഐ എ എസ് എന്നിവർ പങ്കെടുത്തു.

മൊബിലിറ്റി ഹബ്ബ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം ഡി മാധവിക്കുട്ടി എംഎസ് ഐഎഎസ്, കൊച്ചി സ്മാർട് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാജി വി നായർ ഐ എ എസ്, കെ എസ് ആർ ടി സി ജോയിന്റ് എം ഡി പി.എസ് പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

കൊച്ചിയുടെ മുഖം മാറ്റുന്ന പദ്ധതിയാകും കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നവീകരണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പ്രാഥമിക ഡിപിആർ തയ്യാറാക്കിയ ശേഷമാകും ഫെബ്രുവരി 24ന് നിർമ്മാണോദ്ഘാടനം നടത്തുക.

സ്ഥിരമായി വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശത്ത് ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാനായി സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പാക്കും. യാത്രക്കാർക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളും, കാത്തിരിപ്പ് കേന്ദ്രങ്ങളും ആധുനിക നിലവാരത്തിൽ സജ്ജീകരിക്കും.

കെ എസ് ആർ ടി സി ബസുകൾക്കൊപ്പം സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന നിലയിലാകും മൊബിലിറ്റി ഹബ്. ട്രെയിൻ, മെട്രോ സൌകര്യങ്ങൾ കൂടി സമീപമാണ് എന്നതിനാൽ കൊച്ചിയുടെ ഗതാഗത ഹൃദയമായി മാറാൻ കേന്ദ്രത്തിന് കഴിയും.

കൊച്ചിയെ കൂടുതൽ സ്മാർട്ടാക്കി മാറ്റാനുള്ള സി എസ് എം എല്ലിന്റെ പ്രവർത്തനത്തിലെ സുപ്രധാന ചുവടുവെപ്പാകും പദ്ധതിയെന്നും മന്ത്രി പറഞ്ഞു. 701.97 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിഎസ്എംഎൽ ഇതിനകം കൊച്ചി നഗരത്തിൽ പൂർത്തിയാക്കിയത്. ഇതിൽ 347 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും 343 കോടി രൂപ കേന്ദ്രസർക്കാരിന്റെയും 11.97 കോടി രൂപ കൊച്ചി കോർപറേഷന്റെയും വിഹിതമാണ്.