7 Sept 2023 3:46 PM IST
Summary
- ഒരു കാപ്പിക്ക് ചുറ്റും രൂപപ്പെട്ട സൗഹൃദ കൂട്ടായ്മയുണ്ട് ബ്രോഡ്‌വേയിലെ ഭാരത് കോഫി ഹൗസില്‍
- ബി. ഗോവിന്ദ റാവുവായിരുന്നു ബ്രോഡ് വേയിലെ ഭാരത് കോഫി ഹൗസിനു തുടക്കമിട്ടത്
ഒരു കാപ്പിക്ക് ചുറ്റും രൂപപ്പെട്ട സൗഹൃദ കൂട്ടായ്മയുണ്ട് എറണാകുളം ബ്രോഡ്‌വേയിലെ ഭാരത് കോഫി ഹൗസില്‍. 55 വര്‍ഷം മുന്‍പ് രൂപമെടുത്ത ആ കൂട്ടായ്മ ഇന്നും സ്‌ട്രോങ്ങാണ്, ഒരു ഫില്‍റ്റര്‍ കോഫി പോലെ സ്വാദിഷ്ടവും.
1965-ല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളായ പി.കെ. മാത്യു, സി.പി. വില്യം എന്നിവരാണു കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ഇവര്‍ പതിവായി ഭാരത് കോഫി ഹൗസില്‍ എത്തിയിരുന്നു. പിന്നീട് കൂട്ടായ്മയിലേക്ക് മഹാരാജാസിലും ലോ കോളേജിലും പഠിച്ചിരുന്ന ഇവരുടെ മറ്റ് സുഹൃത്തുക്കളും ചേര്‍ന്നതോടെ കൂട്ടായ്മ വിപുലമായി. രണ്ട് പേരില്‍ നിന്ന് കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം 20-ലെത്തി.
ഭാരത് കോഫി ഹൗസിലെ ഫില്‍ട്ടര്‍ കോഫിയുടെ രുചി ആസ്വദിക്കാനാണ് ആദ്യമൊക്കെ എത്തിയിരുന്നതെങ്കിലും പിന്നീട് കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുള്ള വേദിയായും ഇവര്‍ കോഫി ഹൗസിനെ തിരഞ്ഞെടുത്തു.
ബോബി സേവ്യര്‍, രാജന്‍ നായര്‍, സിറിള്‍, തോമസ് തോട്ടാന്‍ എന്നിവര്‍
ചുറ്റുവട്ടത്തുള്ള ചെറിയ കാര്യങ്ങള്‍ മുതല്‍ അടിയന്തരാവസ്ഥയും, ഇന്ത്യാ-പാക് യുദ്ധവും ഉള്‍പ്പെടെയുള്ള ദേശീയ-അന്തര്‍ദേശീയ സംഭവങ്ങളും, ഷോലെ സിനിമയും, 1983-ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് നേട്ടവുമൊക്കെ ഇവരുടെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു.
കോളേജ് പഠനത്തിനു ശേഷം ഇവര്‍ പലരും വിവിധ ജോലികളില്‍ പ്രവേശിക്കുകയും വിവാഹം കഴിച്ച് ഓരോ ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്‌തെങ്കിലും ആഴ്ചയിലോ മാസത്തിലോ ഭാരത് കോഫി ഹൗസില്‍ ഒത്തുകൂടാന്‍ സമയം കണ്ടെത്തി. ആ പതിവ് ഇന്നും തുടരുന്നു. 1965-ല്‍ മധുര പതിനേഴിലും പതിനെട്ടിലുമായിരുന്ന ആ കോളേജ് കുമാരന്മാര്‍ക്ക് ഇന്ന് പ്രായം 70-ഉം 75-ുമൊക്കെയാണ്.
സ്വാദേറിയ വിഭവങ്ങള്‍, ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷം, വൃത്തിയുള്ള പരിസരം, ജീവനക്കാരുടെ ഊഷ്മളമായ പെരുമാറ്റം ഇവയൊക്കെയാണു ഭാരത് കോഫി ഹൗസിലേക്ക് തങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെന്ന് ഇവര്‍ പറയുന്നു.
കോഫി ഹൗസില്‍ നിന്നും ഭാരത് കോഫി ഹൗസിലേക്ക്
എറണാകുളം ബ്രോഡ്‌വേയില്‍ 1919-ല്‍ ലൂയിസ് എന്നൊരു വ്യക്തി നിര്‍മിച്ച കെട്ടിടത്തിലാണ് ഇന്നു ഭാരത് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നത്. വാസ്തുവിദ്യയുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന ഈ കെട്ടിടത്തില്‍ ആദ്യകാലത്ത് ബ്രിട്ടീഷുകാരുടെ ബാള്‍റൂം ഡാന്‍സ് അരങ്ങേറിയിരുന്നെന്ന് പറയപ്പെടുന്നു. പിന്നീട് കോഫി ബോര്‍ഡിന്റെ കീഴിലുള്ള കോഫി ഹൗസും പ്രവര്‍ത്തിച്ചതായി പഴമക്കാര്‍ പറയുന്നു. 1958-ലാണ് ഭാരത് കോഫി ഹൗസ് പ്രവര്‍ത്തനമാരംഭിച്ചത്.
ഭാരത് ഹോട്ടലിന്റെ സ്ഥാപകന്‍ ബി. ഗോവിന്ദ റാവുവായിരുന്നു ബ്രോഡ് വേയിലെ ഭാരത് കോഫി ഹൗസിനു തുടക്കമിട്ടത്. പ്രശസ്ത ബോളിവുഡ് താരം കാമിനി കൗശല്‍ ഉദ്ഘാടനം ചെയ്തു.
ഭാരത് കോഫി ഹൗസിന്റെ പാര്‍ട്ണറായിരുന്ന ഗോപാലകൃഷ്ണ റാവു പില്‍ക്കാലത്ത് ഭാരത് കോഫി ഹൗസിന്റെ നേതൃത്വമേറ്റെടുത്തു. ഇപ്പോള്‍ ഗോപാലകൃഷ്ണ റാവുവിന്റെ മക്കളായ മുരളീധരനും ഹരിദാസുമാണ് നടത്തുന്നത്.
രുചിയേറും മസാലദോശയും
വിശാലമായ ഭാരത് കോഫി ഹൗസിനുള്ളിലെ പഴമയുള്ള ടേബിളിനു സമീപമിരുന്ന് മസാല ദോശ കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു എനര്‍ജിക്ക് വല്ലാത്തൊരു പ്രത്യേകതയുണ്ടെന്നാണ് സൗഹൃദ കൂട്ടായ്മയിലെ പലരും പറയുന്നത്. നല്ല മൊരിഞ്ഞ ദോശയ്ക്കുള്ളില്‍ കൃത്യമായ പാചകക്കൂട്ട് ചേര്‍ത്ത മസാല, മുറിച്ചെടുത്ത് മസാല ദോശയ്‌ക്കൊപ്പം വിളമ്പുന്ന തേങ്ങാ ചമ്മന്തിയിലോ, സാമ്പാറിലോ മുക്കി കഴിക്കുമ്പോള്‍ ലഭിക്കുന്ന ടേസ്റ്റുണ്ടല്ലോ. അതിനെ വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കട്‌ലെറ്റിന് ആരാധകര്‍ ഏറെ
കൂട്ടായ്മയിലെ ചിലര്‍ ഭാരത് കോഫി ഹൗസിലെ കട്‌ലെറ്റിന്റെ ആരാധകരാണ്. സവാളയുടെയും, ചെറിയ കാരറ്റ് കഷണങ്ങളുടെയും ടൊമാറ്റോ സോസിന്റെയും അകമ്പടിയോടെയാണ് ഭാരത് കോഫി ഹൗസില്‍ കട്‌ലെറ്റ് വിളമ്പുന്നത്. ഇവ പാഴ്‌സല്‍ വാങ്ങുന്നവരും കുറവല്ല. വാഴയിലയില്‍ പൊതിഞ്ഞാണ് പാഴ്സല്‍ വിതരണം ചെയ്യുന്നത്. വാഴയിലയിലെ കട്ലെറ്റിനുമുണ്ട് ഒരു പ്രത്യേക ടേസ്റ്റ്.
സാമാന്യം നല്ല വലിപ്പമുള്ള കട്‌ലെറ്റാണ് ഇവിടുത്തേത്. ഈ കട്‌ലെറ്റ് സ്പൂണ്‍ കൊണ്ട് മുറിച്ചെടുത്ത് സോസില്‍ മുക്കി മെല്ലെ മെല്ലെ കഴിച്ച് ഒരു ചൂട് കാപ്പിയും കുടിച്ചു കഴിയുമ്പോള്‍ ഒരു ലോകം ചുറ്റിസഞ്ചരിച്ച പ്രതീതിയാണ് മനസ്സിലുണ്ടാവുക. രുചിയുടെ ആ ലോകത്തേയ്ക്ക് പോകാന്‍ അടുത്ത ദിവസം ഇവിടെ വീണ്ടുമെത്താമെന്ന വിശ്വാസത്തോടെയായിരിക്കും പലരും ഈ കോഫി ഹൗസില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നത്.
വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുന്ന ഈ ഹോട്ടല്‍ കൊച്ചി നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടല്‍ കൂടിയാണ്. ഹോട്ടലിന്റെ ആംബിയന്‍സ് മറ്റൊരു പ്രത്യേകതയാണ്. നല്ല വിശാലമായ ഡൈനിംഗ് ഹാളാണ് ഈ ഹോട്ടലിന്റേത്. അല്‍പം വിശ്രമിച്ച്, വര്‍ത്തമാനം പറഞ്ഞ് നേരം ചെലവഴിക്കാന്‍ ഇവിടെ സാധിക്കും. അതുകൊണ്ടു തന്നെ ഫാമിലിയായിട്ട് ഭക്ഷണം കഴിക്കാനെത്തുന്നവരും കുറവല്ല. പഴയ ഡിസൈനിലുള്ള ഈ കെട്ടിടം ആരെയും ആകര്‍ഷിക്കുന്നതു കൂടിയാണ്. സമീപകാലത്ത് റിലീസ് ചെയ്ത ഒരുത്തീ എന്ന സിനിമയും അജു വര്‍ഗീസ് അഭിനയിച്ച വെബ് സീരീസായ കേരള ക്രൈം ഫയല്‍സും ഇവിടെ ഷൂട്ട് ചെയ്തിരുന്നു.
മസാല ദോശയ്ക്കു പുറമേ, ബട്ടൂര, ചപ്പാത്തി, മധുരപലഹാരങ്ങളായ ലഡു, ജിലേബി തുടങ്ങിയ ഭക്ഷണങ്ങളും ലഭ്യമാണ്. രാവിലെ ദോശ, ഇഡ്ഡലി, നെയ്‌റോസ്റ്റ് എന്നിവയാണ് ഇവിടെ നിന്ന് പ്രധാനമായും ലഭിക്കുന്നത്. ഉച്ചയ്ക്ക് ഊണും ചപ്പാത്തിയും ഉണ്ട്. രാത്രി ഒന്‍പത് മണി വരെയാണ് പ്രവര്‍ത്തന സമയം. ഭാരത് കോഫി ഹൗസിലെത്തുന്നവര്‍ ഭൂരിഭാഗവും ഓര്‍ഡര്‍ ചെയ്യുന്നത് കാപ്പിയും, കട്‌ലെറ്റും, മസാലദോശയുമാണ്.