30 Dec 2023 11:27 AM IST
Summary
- 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലുമാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടായത്
- പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ 64127 വനിതാ സംരംഭകർ
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവില്‍ വന്ന സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. പദ്ധതി ആരംഭിച്ച 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 ഡിസംബര്‍ 29 വരെ 2,01,518 സംരംഭങ്ങള്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലുമാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടായത്. പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ മൂന്നിലൊന്നും (64,127) വനിതാ സംരംഭകരുടേതാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകരുടെ 8,752 സംരംഭങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2022 23ല്‍ ആവിഷ്‌കരിച്ച പദ്ധതി സംരംഭക വര്‍ഷം 2.0 എന്ന പേരിലാണ് ഈ സാമ്പത്തിക വര്‍ഷം തുടര്‍ന്നത്. ഇതിന്റെ ഭാഗമായി 2023 ഏപ്രില്‍ ഒന്നു മുതല്‍ ഇതുവരെ 61,678 പുതിയ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 4115 കോടി രൂപയുടെ നിക്ഷേപവും 1,30,038 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.
ഒരു ലക്ഷം സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട ആദ്യ വര്‍ഷം (2022-23) മാത്രം 1,39,817 സംരംഭങ്ങളാണ് നിലവില്‍ വന്നത്. 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 തൊഴിലും ആദ്യ വര്‍ഷം ഉണ്ടായി.
സംരംഭകര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 1153 പ്രൊഫഷണലുകളെയാണ് നിയമിച്ചത്. സംസ്ഥാനത്തെ 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിനും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങളെ വിപുലപ്പെടുത്താന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് വ്യവസായ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. കേരളത്തിലെ എം.എസ്.എം.ഇ കളില്‍ നിന്നും തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി നാല് വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്താനുള്ള 'മിഷന്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.