1 May 2024 10:57 AM GMT
Summary
- നിലവില്‍ ഒരു ദിവസം ടെസ്റ്റുകള്‍ക്ക് അനുമതിയുണ്ട്.
- പരിഷ്‌കരിച്ച തരത്തിലുള്ള ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
- 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ പണിമുടക്കും. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സ്‌കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്‌കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചാണ് ഡ്രൈവിങ് സ്‌കൂളുകളുടെ പണിമുടക്ക് പ്രഖ്യാപനം. മേയ് രണ്ട് മുതലാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണിത്. എന്നാല്‍ ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ചെറിയ ഇളവുകള്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
ഒരു ദിവസം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തണമെന്നാണ് ആദ്യം ഉത്തരവില്‍ പറഞ്ഞിരുന്നതെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പരിധി 60 ആക്കി ഉയര്‍ത്തിയിരുന്നു. ഇതില്‍ 40 പുതിയ അപേക്ഷകരും നേരത്തെയുള്ള ശ്രമത്തില്‍ പരാജയപ്പെട്ട 20 അപേക്ഷകരും ഉള്‍പ്പെടും. എന്നിരുന്നാലും, ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കുന്നത് വിലക്കിയത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ ആവശ്യപ്പെടുന്നു.
ഭൂരിഭാഗം സ്ഥലങ്ങളിലും ആവശ്യമായ സ്പെസിഫിക്കേഷന്‍ പ്രകാരം ടെസ്റ്റിംഗ് ഗ്രൗണ്ട് പൂര്‍ത്തിയാക്കാത്തതിനാല്‍ ഗ്രൗണ്ട് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തും. നാല് മണിക്കൂറിനുള്ളില്‍ 120 അപേക്ഷകര്‍ക്ക് ലൈസന്‍സ് നല്‍കിയ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 15 എംവി ഇന്‍സ്‌പെക്ടര്‍മാരെ വിളിച്ചുവരുത്തി പരീക്ഷണ ടെസ്റ്റ് നടത്തിയിരുന്നു.