Summary
- പുതിയ കമ്പനിയിൽ 35 ശതമാനം ഓഹരി ഡോ. മൂപ്പന്റെ കുടുംബത്തിന്
- ഫജർ ക്യാപിറ്റൽ കൺസോർഷ്യം 65 ശതമാനം കൈവശം വെക്കും
- വില്പന നടന്നത് ഏകദേശം 8,420 കോടി രൂപയ്ക്ക്
കൊച്ചി: ആസ്റ്റർ ഹെൽത്ത്‌കെയർ പ്രഖ്യാപിക്കാനിരിക്കുന്ന ലാഭവിഹിതത്തിൽ നിന്നുള്ള വരുമാനം, ഒരു പ്രത്യേക സ്ഥാപനമായി വിഭജിക്കപ്പെട്ട ആസ്റ്റർ ജിസിസിയുടെ 35 ശതമാനം ഓഹരി വിലയായ 2,875 കോടി രൂപ അടയ്ക്കുന്നതിന് തനിക്ക് ഒരു പരിധിവരെ സഹായകമാവുമെന്നു ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ അതിന്റെ ഇന്ത്യയിലെയും ജിസിസിയിലെയും ബിസിനസുകളെ വേർതിരിക്കുന്ന പ്രക്രിയയിലാണിപ്പോൾ. ആസ്റ്റർ ജി സി സി 1.01 ബില്യൺ ഡോളറിന് അഥവാ ഏകദേശം 8,420 കോടി രൂപയ്ക്ക് ആൽഫ ജിസിസി ഹോൾഡിംഗ്സ് എന്ന പുതുതായി രൂപീകരിച്ച കമ്പനിക്ക് വിൽക്കുകയാണ്.
പുതിയ ക്രമീകരണത്തിന്റെ ഭാഗമായി ആസ്റ്റർ സ്ഥാപകനും ചെയർമാനുമായ ഡോ ആസാദ് മൂപ്പന്റെ കുടുംബം പുതിയ കമ്പനിയുടെ 35 ശതമാനം ഓഹരികൾ നേടുന്നതോടെ അതിന്റെ പ്രവർത്തനങ്ങളുടെ മാനേജ്‌മെന്റ് നിയന്ത്രണവും ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.
അതേസമയം, റെഗുലേറ്ററി അംഗീകാരവും ഓഹരി ഉടമകളുടെ അംഗീകാരവും കാത്തിരിക്കുന്ന പുതിയ കമ്പനിയിൽ യുഎഇ ആസ്ഥാനമായുള്ള ഫജർ ക്യാപിറ്റൽ കൺസോർഷ്യം 65 ശതമാനം കൈവശം വെക്കും.
ലാഭ വിഹിതം
ഇടപാടിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ചെലവുകൾ കഴിഞ്ഞുള്ള ഒരു ഭാഗം, ലാഭവിഹിതമായി വിതരണം ചെയ്യപ്പെടുമ്പോൾ, ബാക്കി തുക കരുതൽ ശേഖരമായി നിലനിർത്തുകയും കാലാകാലങ്ങളിൽ ആവശ്യമുള്ള കമ്പനിയുടെ സ്‌ഥായിയായ വളർച്ചാ അവസരങ്ങൾ പിന്തുടരുന്നതിന് ഉപയോഗിക്കുകയും ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ജിസിസി ഓപ്പറേഷൻസ് വിറ്റുകിട്ടുന്ന വരുമാനത്തിന്റെ, അതായത് 8,420 കോടി രൂപയുടെ, വലിയൊരു ഭാഗം, ആസ്റ്റർ ഹെൽത്ത്‌കെയറിന്റെ ബോർഡ് അതിന്റെ ഓഹരി ഉടമകൾക്ക് ക്യാഷ് ഡിവിഡന്റ് വിതരണം ചെയ്യാൻ ഉപയോഗിക്കുമെന്ന് വിശകലന വിദഗ്ധരുമായി സംവദിക്കവേ ഡോ. മൂപ്പൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
"ഐപിഒ കഴിഞ്ഞ് അഞ്ച് വർഷത്തിലേറെയായിട്ടും ഇന്ത്യൻ ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്തതിന് ശേഷം കമ്പനി അതിന്റെ ഓഹരി ഉടമകൾക്ക് ഒരു ലാഭവിഹിതവും വിതരണം ചെയ്തിട്ടില്ല," ഡോ മൂപ്പൻ ഓർമ്മിപ്പിച്ചു. വാസ്തവത്തിൽ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ പ്രൊമോട്ടർമാരായ ഡോ മൂപ്പനും കുടുംബവും കമ്പനിയിൽ 42 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.
"ഞങ്ങളുടെ രോഗികളേയും ജീവനക്കാരേയും പോലെ ഞങ്ങൾ നിങ്ങളോട് നന്നായി പെരുമാറുമെന്ന് ഓഹരിയുടമകൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുകയാണ്," ഡിവിഡന്റുകളുടെ സാധ്യതകളെക്കുറിച്ച് സംസാരിക്കവെ ഡോ ആസാദ് മൂപ്പൻ പറഞ്ഞു.
പുതിയ സ്ഥാപനത്തിലെ 35 ശതമാനം ഓഹരികൾ നേടുന്നതിന് പ്രൊമോട്ടർമാർക്ക് ജിസിസിയിൽ അവരുടേതായ സംവിധാനങ്ങളുണ്ടെന്ന് ഡോ മൂപ്പൻ പറഞ്ഞു. “അങ്ങനെയാണെങ്കിലും, കമ്പനി വിതരണം ചെയ്യുന്ന ലാഭവിഹിതത്തിന്റെ 42 ശതമാനം തങ്ങൾക്ക് ലഭിക്കും," ഡോ മൂപ്പൻ കൂട്ടിച്ചേർത്തു.
മതിയായ കരുതൽ ശേഖരം
അടുത്ത മൂന്ന് വർഷത്തേക്കുള്ള കമ്പനിയുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ കമ്പനിയുടെ പക്കൽ മതിയായ കരുതൽ ശേഖരമുണ്ടെന്ന് മാത്രമല്ല വിപണിയിൽ നിന്ന് കടമെടുക്കാൻ തക്ക നല്ല നിലയിലാണ് കമ്പനി, അദ്ദേഹം പറഞ്ഞു.
“വിപണിയിൽ നിന്ന് ലഭിക്കുന്ന തുക ഓഹരി ഉടമകൾക്ക് നൽകണമെന്ന് എല്ലാ ബോർഡ് മീറ്റിംഗുകളിലും ഞാൻ വളരെ ആത്മാർത്ഥമായും ആവേശത്തോടെയും അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനാൽ, ഒരു പ്രധാന ഭാഗം ഓഹരി ഉടമകളുടെ കൈകളിലേക്ക് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ഡോ മൂപ്പൻ കൂട്ടിച്ചേർത്തു.