image

20 Sep 2023 10:50 AM GMT

Kerala

ഇവര്‍ ' ഇസ്തിരിയിട്ട് ' മിനുക്കുന്നത് കൊച്ചിയുടെ സൗന്ദര്യം

Antony Shelin

Dhobighana Fort Kochi
X

Summary

ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്തിനു സമീപമാണു ധോബിഖാന സ്ഥിതി ചെയ്യുന്നത്


വെണ്മയും തിളക്കവുമുള്ള ഒരു വസ്ത്രം പോലെയാണു ഫോര്‍ട്ട്കൊച്ചിയിലെ ധോബിഖാന. വണ്ണാന്‍ എന്ന കൊച്ചു സമൂഹത്തിന്റെ വലിയ അധ്വാനമാണു ധോബിഖാനയെ തിളക്കമുള്ളതാക്കുന്നത്.

വര്‍ഷങ്ങളായി കൊച്ചി നഗരവാസികളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്നതില്‍ വലിയ പങ്കാണ് ധോബിഖാനയും വണ്ണാന്‍ സമൂഹവും വഹിക്കുന്നത്. ഒരുപക്ഷേ, ഇന്ന് പരമ്പരാഗത രീതിയില്‍ വസ്ത്രങ്ങളും, മറ്റ് തുണിത്തരങ്ങളും കഴുകി, ഇസ്തിരിയിട്ട് കൊടുക്കുന്ന കേരളത്തിലെ ഒരേയൊരു അലക്കുകേന്ദ്രം ധോബിഖാനയായിരിക്കും.

ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്തിനു സമീപമാണു ധോബിഖാന സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുന്‍പു തൊഴിലിനായി കൊച്ചിയിലെത്തിയ വണ്ണാന്‍ എന്ന സമൂഹമാണു ധോബിഖാന നടത്തുന്നത്. ഏകദേശം നാല്‍പ്പതോളം പേരാണു ധോബിഖാനയില്‍ ജോലി ചെയ്യുന്നത്. ഷര്‍ട്ടും, പാന്റും, സാരിയും, ബെഡ്ഷീറ്റും ഉള്‍പ്പെടെ ആയിരത്തോളം തുണിത്തരങ്ങള്‍ ഇവിടെ ദിനംപ്രതി അലക്കി മിനുക്കിയെടുക്കുന്നു.

വണ്ണാന്‍ സമൂഹത്തിന്റെ ഡച്ച് കണക്ഷന്‍

ഏകദേശം മൂന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പു ഡച്ചുകാരാണ് വണ്ണാന്‍ സമൂഹത്തെ തമിഴ്നാട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ചത്. അലക്കും, ഇസ്തിരിയിടലും കുലത്തൊഴിലാക്കിയ വണ്ണാന്‍ സമൂഹം തമിഴ്നാട്ടുകാരാണ്. ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ ഡച്ച് സൈനികരുടെ വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ടു കൊടുത്തിരുന്നത് വണ്ണാര്‍മാരായിരുന്നു. ഡച്ചുകാര്‍ക്കു ശേഷം പോര്‍ച്ചുഗീസും, ബ്രിട്ടീഷുകാരും ഫോര്‍ട്ടുകൊച്ചിയിലെത്തിയപ്പോഴും വണ്ണാര്‍മാര്‍ ഇവിടെ തന്നെ തുടര്‍ന്നു. അങ്ങനെ കൊച്ചിയുടെ സംസ്‌കാരവുമായി ഇഴുകി ചേര്‍ന്നു.

ജിസിഡിഎ നിര്‍മിച്ച ധോബിഖാന

ഫോര്‍ട്ട് കൊച്ചി വെളി മൈതാനിക്കു സമീപമുള്ള രണ്ടര ഏക്കറിലാണ് ധോബിഖാന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 1976-ല്‍ ജിസിഡിഎയാണ് ധോബിഖാന നിര്‍മിച്ചു നല്‍കിയത്.

വസ്ത്രങ്ങള്‍ അലക്കാന്‍ 42 ക്യുബിക്കിളുണ്ട്. ഓരോ ക്യുബിക്കിളിലും വെള്ളവും അലക്ക് കല്ലുമുണ്ട്. ഇതിനു പുറമെ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിശാലമായ മൈതാനവും, ഇസ്തിരിയിടാന്‍ പ്രത്യേക ഇടവുമുണ്ട്.

സമീപകാലത്ത് 30 കിലോ വരെയുള്ള വസ്ത്രങ്ങള്‍ വാഷ് ചെയ്യാന്‍ സാധിക്കുന്ന വലിയ വാഷിംഗ് മെഷിനും, വെള്ളം പിഴിയുന്ന എക്സ്ട്രാക്റ്ററും സ്ഥാപിച്ചു.

വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ കരി ഉപയോഗിച്ചുള്ള പെട്ടിയും, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന അയേണ്‍ ബോക്സുമുണ്ട്. കൂടുതല്‍ പേരും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന അയേണ്‍ ബോക്സാണ് ഉപയോഗിക്കുന്നത്.


ധോബിഖാനയുടെ ബിസിനസ് മോഡല്‍

45 വര്‍ഷം പിന്നിടുന്നതാണ് ധോബിഖാനയുടെ ബിസിനസ്. ഇന്നും ധോബിഖാനയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നത് നൂറുകണക്കിനു പേരാണ്. അവരില്‍ പലര്‍ക്കും ധോബിഖാനയുമായുള്ളത് വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ്. പലരും ധോബിഖാനയുടെ ' ലോയല്‍ കസ്റ്റമേഴ്സാണ് '.

ഒരിക്കല്‍ ഇവിടെ വസ്ത്രം കഴുകാനോ ഇസ്തിരിയിടാനോ കൊടുത്തവര്‍ വീണ്ടും വരും. അത്രയ്ക്കും മികച്ച രീതിയിലാണ് വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് നല്‍കുന്നത്. ചില കസ്റ്റമേഴ്സ് അവരുടെ വിലയേറിയ വസ്ത്രങ്ങള്‍ സ്വന്തം വീട്ടില്‍ പോലും കഴുകാനോ, ഇസ്തിരിയിടാനോ നില്‍ക്കാതെ ധോബിഖാനയെ ഏല്‍പ്പിക്കാറുണ്ട്. ഗുണനിലവാരമുള്ള സേവനം ലഭിക്കുമെന്നതാണ് അതിനു കാരണം. താരതമ്യേന കുറഞ്ഞ നിരക്കില്‍ വസ്ത്രങ്ങള്‍ കഴുകി, ഇസ്തിരിയിട്ട് ലഭിക്കുമെന്നതും കസ്റ്റമേഴ്സിനെ ആകര്‍ഷിക്കുന്ന ഘടകമാണ്.

പ്രധാന കസ്റ്റമേഴ്സ് റിസോര്‍ട്ടുകളും, ഫ്ളാറ്റുകളും

ഫോര്‍ട്ടുകൊച്ചി ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ നിരവധി ഹോംസ്റ്റേകളും, റിസോര്‍ട്ടുകളും, ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ബെഡ് ഷീറ്റുകള്‍, ടവല്‍, പില്ലോ കവറുകള്‍ എന്നിവ കഴുകാന്‍ കൊണ്ടുവരുന്നത് ധോബിഖാനയിലാണ്. സമീപപ്രദേശങ്ങളിലെ ആശുപത്രികള്‍, ഫ്ളാറ്റുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിക്കുകയും ചെയ്യാറുണ്ട്. പരമ്പരാഗത രീതിയിലുള്ള ലോണ്‍ട്രിക്ക് നിരവധി ആരാധകരുണ്ട്. അതിനാല്‍ തന്നെ ധോബിഖാനയില്‍ എത്തുന്ന കസ്റ്റമേഴ്സിന് ഇതുവരെ കാര്യമായ ഇടിവൊന്നും ഉണ്ടായിട്ടില്ലെന്ന് ധോബിഖാനയിലെ ജീവനക്കാരനായ രാജന്‍ പറഞ്ഞു.

ധോബിഖാനയുടെ അമരക്കാര്‍

ഫോര്‍ട്ടുകൊച്ചി വണ്ണാര്‍ സംഘമാണ് ധോബിഖാനയുടെ നടത്തിപ്പുകാര്‍. ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണു ധോബിഖാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതെന്നു സെക്രട്ടറി എസ്. സതീശ് പറഞ്ഞു.

വണ്ണാര്‍ സമുദായംഗങ്ങള്‍ക്കു മാത്രമാണു ധോബിഖാനയില്‍ ജോലി ചെയ്യാന്‍ അനുവാദമുള്ളത്. ധോബിഖാനയിലെ വാഷിംഗിനുള്ള ക്യുബിക്കിള്‍ ഉപയോഗിക്കാനായി പത്ത് രൂപ വാടക നല്‍കണം. വൈദ്യുതി അയേണ്‍ ബോക്സ് ഉപയോഗിക്കാന്‍ ഒരു ദിവസം 60 രൂപയും നല്‍കണം.

40-65 വയസ്സിനിടെയില്‍ പ്രായമുള്ള 40-ഓളം പേരാണ് ധോബിഖാനയില്‍ ജോലി ചെയ്യുന്നത്. എന്നും രാവിലെ അഞ്ച് മണി മുതല്‍ ജോലി ആരംഭിക്കും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജോലി അവസാനിക്കും.

ഒരു ഷര്‍ട്ട് കഴുതി ഇസ്തിരിയിടാന്‍ 40 രൂപയാണ് ഈടാക്കുന്നത്. വസ്ത്രങ്ങള്‍ കഴുകാന്‍ ധോബിഖാനയില്‍ കൊണ്ടുവന്നു കൊടുക്കുന്ന കസ്റ്റമേഴ്‌സുമുണ്ട്. അതുപോലെ ധോബിഖാനയിലുള്ളവര്‍ പുറത്തുപോയി വസ്ത്രങ്ങള്‍ ശേഖരിക്കുകയും തിരിച്ച് എത്തിച്ചു കൊടുക്കാറുമുണ്ട്.

നിശ്ചിത തൊഴില്‍ സമയമൊന്നും ധോബിഖാനയില്‍ ജോലി ചെയ്യുന്നവര്‍ക്കില്ല. ചിലര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തൊഴിലിലേര്‍പ്പെടും. മറ്റു ചിലര്‍ രാവിലെ ഏതാനും മണിക്കൂറുകള്‍ മാത്രമാണു ജോലി ചെയ്യുന്നത്.

പരിഷ്‌കാരം ഉടന്‍

ധോബിഖാനയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരാരും തന്നെ പുതുതലമുറയില്‍പ്പെട്ടവരല്ല. പരമ്പരാഗത രീതി പിന്തുടരുന്നതിനാല്‍ പുതുതലമുറക്കാര്‍ ആരും തന്നെ ഈ രംഗത്തേയ്ക്കു കടന്നുവരാന്‍ താല്‍പര്യം കാണിക്കുന്നില്ല.

ധോബിഖാനയുടെ പഴമ നിലനിര്‍ത്തി തന്നെ അത്യാധുനിക സംവിധാനത്തോടു കൂടിയ ഒരു പുതിയ ലോണ്‍ട്രി യൂണിറ്റിനു തുടക്കമിടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു ധോബിഖാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന എസ്. സതീശ് പറഞ്ഞു.


എസ്. സതീശ്

ജിസിഡിഎയ്ക്ക് ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപയുടേതാണു പ്രൊപ്പോസല്‍. 45 കിലോഗ്രാം വാഷ് ചെയ്യാന്‍ സാധിക്കുന്ന രണ്ട് വാഷിംഗ് മെഷീനും, എക്‌സ്ട്രാക്റ്ററും സ്ഥാപിക്കുന്നതടമുള്ളതാണു പ്രൊപ്പോസല്‍.

ആധുനിക മെഷിനറികള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതി നടപ്പിലായാല്‍ ഈ തൊഴില്‍ മേഖലയിലേക്കു പുതുതലമുറയെ ആകര്‍ഷിക്കാനാകുമെന്നും സതീശ് പറഞ്ഞു.