image

29 July 2023 5:30 PM IST

Kerala

ഡി -സ്‌പേസ് ടെക്‌നോളജീസ് കേരളത്തിലേക്ക്

Kochi Bureau

dSpace’s new centre to come up in Kerala soon
X

സിമുലേഷന്‍ ആന്‍ഡ് വാലിഡേഷന്‍ മേഖലയിലെ പ്രമുഖ ജര്‍മന്‍ കമ്പനിയായ ഡി സ്പേസ് ടെക്നോളജീസ് കേരളത്തില്‍ സെന്റര്‍ ഒഫ് എക്‌സലന്‍സ് ആരംഭിക്കുന്നു. കണക്ടഡ് ഓട്ടോമേറ്റഡ് ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്പേസ് ജര്‍മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ മൂന്നാമത്തെ സെന്റര്‍ ഒഫ് എക്‌സലന്‍സാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. വ്യവസായ വകുപ്പുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഡിസ്‌പേസ് സര്‍ക്കാരിനെ തീരുമാനം അറിയിച്ചത്.

ലോകോത്തര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ, ബി എം ഡബ്ല്യു, ഓഡി, വോള്‍വോ, ജാഗ്വാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഡി-സ്‌പേസിന്റെ ഉപഭോക്താക്കളാണ്. ഐ ടി മേഖലയില്‍ ഗവേഷണം നടത്തുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളിലൂന്നിക്കൊണ്ട് ഉപകരണങ്ങളുടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഡി-സ്‌പേസ് ആദ്യഘട്ടത്തില്‍ വികസിപ്പിച്ചെടുക്കുന്ന ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ഉപകരണങ്ങള്‍ കണ്ട്രോള്‍ എഞ്ചിനീയറിങ്ങ് രംഗത്താണ് ഉപയോഗപ്പെടുത്തുക. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും ഇത് കൂടാതെ മെഡിക്കല്‍ ടെക്‌നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാന്‍ സാധിക്കും.

മുപ്പത് വര്‍ഷത്തെ പരിചയസമ്പത്തുള്ള ഡി-സ്‌പേസ് ഒന്‍പത് രാജ്യങ്ങളിലായി 2400ല്‍ പരം പേര്‍ക്ക് ജോലി നല്‍കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള കിന്‍ഫ്ര പാര്‍ക്കിലാണ് ഇവരുടെ പ്രവര്‍ത്തനം ആരംഭിക്കുക. ഇവിടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 300 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ വൈജ്ഞാനിക സമ്പദ്ഘടനയിലേക്ക് പാത തുറന്നുകൊണ്ട് കമ്പനി കേരളത്തിലെ ഗവേഷണസ്ഥാപനങ്ങളുമായും സര്‍വകലാശാലകളുമായും സഹകരിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

വിവിധ ലോകരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡി-സ്‌പേസിന്റെ കേരളത്തിലേക്കുള്ള കടന്നുവരവ് സര്‍ക്കാരിന്റെ വ്യവസായനയത്തിന്റെ ഗുണഫലം കൂടിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ഡി-സ്‌പേസ് പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളും മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളും കേരളത്തിലേക്ക് കടന്നുവരും.