14 Oct 2023 11:52 AM IST
Summary
- കൊച്ചിയിലെത്തുന്ന ആദ്യ ക്രൂസ് കപ്പല്‍ സെലിബ്രിറ്റി എഡ്ജ് ആണ്
- നവംബര്‍ മാസത്തില്‍ രണ്ട് ക്രൂസുകളാണ് കൊച്ചിയിലെത്തുന്നത്
ഇപ്രാവിശ്യം ക്രൂസ് സീസണില്‍ കൊച്ചി തീരത്തേയ്ക്ക് ഒഴുകിയെത്താന്‍ പോകുന്നത് 34 വിദേശ ക്രൂസ് ഷിപ്പുകള്‍. നവംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളാണ് ക്രൂസ് സീസണ്‍.
ഇത്തവണ 19 ആഭ്യന്തര ക്രൂസ് ഷിപ്പുകളും കൊച്ചിയിലെത്തുന്നുണ്ട്.
2020,2021 വര്‍ഷങ്ങളില്‍ കോവിഡ്19-ല്‍ മുങ്ങിപ്പോയ ക്രൂസ് സീസണ്‍ 2022-ലാണു പുനര്‍ജ്ജനിച്ചത്. 2022-ല്‍ ക്രൂസ് കപ്പലുകള്‍ സര്‍വീസ് പുനരാരംഭിച്ചെങ്കിലും പഴയ പ്രതാപത്തിലേക്കു തിരിച്ചുവന്നിരിക്കുന്നത് ഇപ്പോഴാണ്. 49 ക്രൂസ് സര്‍വീസുകള്‍ കൊച്ചി തീരത്ത് എത്തിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്രാവിശ്യം 34 വിദേശ ക്രൂസ് കപ്പലുകളാണ് എത്തുന്നത്.
2918 സഞ്ചാരികളുമായി സെലിബ്രിറ്റി എഡ്ജ്
നവംബര്‍ 18ന് കൊച്ചിയിലെത്തുന്ന ആദ്യ ക്രൂസ് കപ്പല്‍ സെലിബ്രിറ്റി എഡ്ജ് ആണ്. 2918 വിനോദ സഞ്ചാരികളാണ് ഈ കപ്പലിലെത്തുന്നത്. ഇതിനു പുറമെ 1377 ജീവനക്കാരും ഇതിലുണ്ട്. കൊച്ചിയില്‍ ഈ സീസണിലെത്തുന്ന വമ്പന്‍ കപ്പലുകളിലൊന്നും ഇതാണ്.
ഖജനാവ് നിറയ്ക്കും
ക്രൂസ് ഷിപ്പുകളുടെ കടന്നുവരവ് കേരളത്തിന്റെ ടൂറിസത്തിനു പുത്തനുണര്‍വ് പകരുന്നതാണ്. ഖജനാവിലേക്ക് ശതകോടികളാണ് ഇതിലൂടെ എത്തുന്നത്. ഓരോ ക്രൂസ് ഷിപ്പുകളിലുമുള്ള യാത്രക്കാര്‍ കൊച്ചിയിലെത്തുമ്പോള്‍ മൂന്നാറും, ആലപ്പുഴയും ഉള്‍പ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിച്ചതിനു ശേഷമാണു തിരികെ പോകുന്നത്. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ ബോട്ടിംഗ്, ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പതിനായിരക്കണക്കിന് രൂപ ചെലവഴിക്കാറുമുണ്ട്.
നവംബറില്‍ രണ്ട് ക്രൂസുകള്‍
നവംബര്‍ മാസത്തില്‍ രണ്ട് ക്രൂസുകളാണ് കൊച്ചിയിലെത്തുന്നത്. നവംബര്‍ 26ന് അസമാര ജേണി എന്ന കപ്പല്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 1101 പേരുമായാണ് എത്തുന്നത്.
ഡിസംബര്‍ ഏഴിന് രണ്ട് ക്രൂസുകള്‍ കൊച്ചിയിലെത്തുന്നുണ്ട്. സെലിബ്രിറ്റി മില്ലേനിയവും, സില്‍വര്‍ സ്പിരിറ്റുമാണ് കൊച്ചിയിലെത്തുന്നത്.
ആഭ്യന്തര ക്രൂസ് കപ്പലുകള്‍
വിദേശ ക്രൂസ് കപ്പലുകളുടെ മാത്രമല്ല, ആഭ്യന്തര ക്രൂസ് ലൈനറുകളുടെയും പ്രിയ ഇടമായി കൊച്ചി മാറിയിരിക്കുകയാണ്. ഇപ്രാവിശ്യം കോസ്റ്റ ക്രൂസിന്റെ കോസ്റ്റ സെറീന കൊച്ചിയിലെത്തുന്നുണ്ടെന്നത് ഒരു പ്രത്യേകതയാണ്. കോര്‍ഡെലിയ ക്രൂസസിന്റെ എംപ്രസ് ആണ് കൊച്ചിയില്‍ എത്തിയിരുന്ന ആഭ്യന്തര ക്രൂസ്.
ക്രൂസ് ടൂറിസം നല്‍കുന്നത് വലിയ വരുമാനം
ക്രൂസ് ടൂറിസം സര്‍ക്കാരിന് ഖജനാവിലേക്ക് വലിയ രീതിയിലുള്ള വരുമാനമാണ് നല്‍കുന്നത്. ഒരു ക്രൂസ് കപ്പല്‍ കൊച്ചിയിലെ ബെര്‍ത്തില്‍ അടുക്കുമ്പോള്‍ വാടകയിനത്തില്‍ 10 ലക്ഷത്തോളം രൂപയാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നേടുന്നത്.
കപ്പലിലെത്തുന്ന വിനോദസഞ്ചാരികള്‍ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ആലപ്പുഴ, മൂന്നാര്‍, കുമരകം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. ഓരോ വ്യക്തിയും ചുരുങ്ങിയത് 36,000 രൂപ ഇതിനായി ചെലവഴിക്കുന്നുണ്ടെന്നും കണക്കാക്കുന്നു.
2022-23-ല്‍ കൊച്ചിയിലെത്തിയത് 31 ക്രൂസ് കപ്പല്‍
2022-23-ല്‍ കൊച്ചിയിലെത്തിയത് മൊത്തം 31 ക്രൂസ് കപ്പലുകള്‍. 16 വിദേശ കപ്പലുകളും 15 ആഭ്യന്തര കപ്പലുകളും ഉള്‍പ്പെടെയാണിത്.
31 ക്രൂയിസ് കപ്പലുകളില്‍ നിന്നായി 36,403 യാത്രക്കാരെയാണ് കൊച്ചി തുറമുഖം കൈകാര്യം ചെയ്തത്.