30 Jun 2023 2:45 PM IST
Summary
- കലൂര്‍ ഗോകുലം പാര്‍ക്കിലാണ് സില്‍വസ്റ്റര്‍ ഡാകുന അനുസ്മരണ പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
അമൂല്‍ പരസ്യങ്ങളുടെ പ്രതീകമായ അമൂല്‍ ഗേളിന്റെ സൃഷ്ടാവ് സില്‍വസ്റ്റര്‍ ഡാകുന പരസ്യലോകത്തെ ഇതിഹാസമെന്ന് ശശി തരൂര്‍ എംപി. അച്ഛന്‍ ചന്ദ്രന്‍ തരൂറിന്റെ സുഹൃത്തും ബോംബെ അഡ്വടൈസിങ് ക്ലബ്ബില്‍ സഹപ്രവര്‍ത്തകനുമായിരുന്ന സില്‍വസ്റ്റര്‍ ഡാകുന കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡ്‌സ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ഗോകുലം പാര്‍ക്കില്‍ സംഘടിപ്പിച്ച സില്‍വസ്റ്റര്‍ ഡാകുന അനുസ്മരണ പരിപാടിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
ജനഹൃദയങ്ങളില്‍ അമൂല്‍ ഗേളിനും പരസ്യവാചകത്തിനും ലഭിച്ച സ്വീകാര്യത ഡാകുനയുടെ സര്‍ഗ്ഗാത്മകതയ്ക്കുള്ള അംഗീകാരമാണെന്നും ശശി തരൂര്‍ പറഞ്ഞു. അമൂല്‍ ഗേളിന്റെ മുഖമായി വന്നിരുന്ന ശശി തരൂരിന്റെ സഹോദരി ശോഭ തരൂരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. അമൂല്‍ ഗേളായി പരിണമിച്ചതിനെ കുറിച്ച് ശോഭ തരൂരും സംസാരിച്ചു. 712 ഫോട്ടോഗ്രാഫുകളില്‍ നിന്നാണ് ഡാകുന തന്റെ മുഖം അമൂല്‍ ഗേളിനായി തിരഞ്ഞെടുത്തതെന്ന് ശോഭ പറഞ്ഞു. ഡാകുന ഒരു ഇതിഹാസമായിരുന്നുവെന്ന് ശോഭ തരൂര്‍ വ്യക്തമാക്കി. ഇതിഹാസങ്ങള്‍ ജീവിതം കൊണ്ട് എല്ലാവരും ഓര്‍മ്മിക്കപ്പെടുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡ്‌സ് ട്രസ്റ്റ് ചെയര്‍മാന്‍ കെ വേണുഗോപാല്‍, സെക്രട്ടറി ജി ശ്രീനാഥ്, ട്രഷറര്‍ ആര്‍ മാധവ മേനോന്‍, ട്രസ്റ്റിമാരായ ഡോ. ടി വിനയ് കുമാര്‍, യു എസ് കുട്ടി, ലക്ഷ്മണ്‍ വര്‍മ, പി കെ. നടേഷ്, എം ചിത്രപ്രകാശ്, രാജീവ് മേനോന്‍, അനില്‍ ജെയിംസ്, മാതൃഭൂമി മീഡിയ സെല്യൂഷന്‍സ് പ്രിന്റ് എജിഎം. വിഷ്ണു നാഗപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.