30 Jan 2024 6:04 AM GMT
Summary
- രണ്ടുമാസത്തിനുള്ളില്‍ ആദ്യ ഫലമുണ്ടാകുമെന്ന് പ്രതീക്ഷ
- പരീക്ഷണം നടത്തുന്നത് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍
- ആദ്യ പരീക്ഷണം ആവോലി, നെയ്മീന്‍ മാംസങ്ങള്‍ക്കായി
മീനുകളുടെ മാംസം ലാബില്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ). ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടക്കുന്നത്. സമുദ്രോല്‍പ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുക എന്നതിനൊപ്പം സ്രോതസ്സുകളുടെ അമിത ഉപയോഗം ഒഴിവാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
സംസ്ക്കരിച്ച കടൽ മത്സ്യ മാംസത്തിൻ്റെ മേഖലയില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ പദ്ധതി സഹായകമാകുമെന്ന് സിഎംഎഫ്ആര്‍ഐ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഈ പരീക്ഷണം നടപ്പിലാക്കുന്നതിനായി നീറ്റ് മീറ്റ് ബയോടെക്ക് എന്ന സ്‍റ്റാര്‍ട്ടപ്പുമായി സിഎംഎഫ്ആർഐ ഗവേഷണ സഹകരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. സിഎംഎഫ്ആർഐ ഡയറക്ടർ എ ഗോപാലകൃഷ്ണനും നീറ്റ് മീറ്റ് ബയോടെക് സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് ശർമയും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവച്ചു.
മത്സ്യങ്ങളിൽ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രത്യേക കോശങ്ങളെ ജൈവ ഘടകങ്ങളില്ലാത്ത ലാബോറട്ടറി ക്രമീകരണങ്ങള്‍ക്കുള്ളില്‍ വളര്‍ത്തിയെടുത്താണ് കള്‍ട്ടിവേറ്റഡ് ഫിഷ് മീറ്റ് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ തയാറാക്കുന്ന അന്തിമ ഉല്‍പ്പന്നത്തിന് മത്സ്യത്തിൻ്റെ യഥാർത്ഥ രുചി, ഘടന, പോഷക ഗുണങ്ങൾ എന്നിവ ഉണ്ടായിരിക്കും. തുടക്കത്തില്‍ കിംഗ് ഫിഷ്, ആവോലി, നെയ്മീന്‍ തുടങ്ങിയ ഉയർന്ന മൂല്യമുള്ള കടൽ മത്സ്യങ്ങളുടെ കോശം ഉപയോഗിച്ച് മാംസം വികസിപ്പിക്കുന്നതിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ധാരണാപത്രം അനുസരിച്ച്, ഈ മത്സ്യങ്ങളുടെ പ്രാരംഭ വികസനത്തെക്കുറിച്ച് സിഎംഎഫ്ആര്‍ഐ ഗവേഷണം നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട ജനിതക, ബയോകെമിക്കൽ, അനലിറ്റിക്കൽ ജോലികൾ സിഎംഎഫ്ആര്‍ഐ കൈകാര്യം ചെയ്യും. സെല്ലുലാർ ബയോളജിയിലെ ഗവേഷണത്തിന് ശക്തമായ അടിത്തറ നൽകുന്ന അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സെൽ കൾച്ചർ ലബോറട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
സെൽ കൾച്ചർ സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യമുള്ള നീറ്റ് മീറ്റ്, കോശ വളര്‍ച്ചാ മാധ്യമത്തിന്‍റെ ക്രമീകരണം, മൈക്രോ കാരിയറുകളുടെ വികസനം, ബയോ റിയാക്ടറുകൾ വഴി ഉൽപ്പാദനം വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകും. ആവശ്യമായ അസംസ്കൃത വസ്തുക്കൾ, മനുഷ്യശക്തി, പ്രോജക്റ്റിന് ആവശ്യമായ ഏതെങ്കിലും അധിക ഉപകരണങ്ങൾ എന്നിവയും അവർ നൽകും.
സമുദ്രോത്പന്ന ഗവേഷണ രംഗത്ത് ഇന്ത്യയും സിംഗപ്പൂർ, ഇസ്രായേൽ, യുഎസ് തുടങ്ങിയ മറ്റ് രാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതിൽ ഈ പൊതു-സ്വകാര്യ പങ്കാളിത്തം നിർണായക ചുവടുവെപ്പാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയുടെ ആശയം ഫലപ്രദമാകും എന്നതിന്‍റെ തെളിവ് രണ്ട് മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് നീറ്റ് മീറ്റ് ബയോടെക് സിഇഒ ശർമ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചു.