image

26 July 2023 6:00 PM IST

Kerala

മാവേലി സ്റ്റോറുകളില്‍ സ്‌റ്റോക്കുണ്ട്, അടുത്തവാരം മുതല്‍ ലഭ്യമാകും; ഭക്ഷ്യമന്ത്രി

Kochi Bureau

maveli stores are in stock and will be available from next week food minister
X

Summary

  • പ്രതിമാസ ഫോണ്‍-ഇന്‍ പരിപാടിയിലൂടെയാണ് മന്ത്രി ഇക്കാര്യ ചൂണ്ടിക്കാട്ടിയത്.


സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ ഒഴികെ എല്ലാം സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോണ്‍-ഇന്‍ പരിപാടിയില്‍ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.

'മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാര്‍ത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങള്‍ സാധാരണഗതിയില്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, ഓഗസ്റ്റ് ആരംഭത്തില്‍ പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ മാവേലി സ്റ്റോറുകളിലും എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്ന ഉപഭോക്താക്കള്‍ ബില്ല് ചോദിച്ചു വാങ്ങാന്‍ മന്ത്രി പ്രത്യേക നിര്‍ദേശം നല്‍കി. ബില്‍ ചോദിച്ചു വാങ്ങിയില്ലെങ്കില്‍ റേഷന്‍ ഉപഭോക്താക്കള്‍ക്ക് അര്‍ഹമായി കിട്ടേണ്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും', മന്ത്രി വ്യക്തമാക്കി.

മാവേലി സ്‌റ്റോറുകളിലും സപ്ലൈകോയിലും അവശ്യ വസ്തുക്കള്‍ പോലും കിട്ടാനില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. സപ്ലൈകോയില്‍ സബ്‌സിഡി ഇനത്തില്‍ കാര്യമായ ഒരു സാധനങ്ങളും കിട്ടാനില്ല. വില വര്‍ധിച്ചതോടെ പൊതു വിപണിയില്‍ പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, പഴം, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതായും നിയമാനുസൃത ലേബലുകള്‍ കൂടാതെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഒരേ വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്ന പ്രവണതയും നിലവില്‍ക്കുന്നുണ്ട്. അതിനാല്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത്തവണത്തെ ഓണം വിപണിയില്‍ എക്കാലത്തെയും മികച്ച റെക്കോഡ് കളക്ഷന്‍ സപ്ലൈകോ സ്വന്തമാക്കുമെന്നാണ് വകുപ്പ മന്ത്രി ചൂണ്ടിക്കാട്ടുന്നത്.