image

20 Dec 2023 8:06 AM

Kerala

കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം

MyFin Desk

cabinet decision to form kerala urban policy commission
X

Summary

  • ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു
  • ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്
  • ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും കമ്മിഷന്‍ അധ്യക്ഷന്‍.


കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. നഗരവൽക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. നരഗാസൂത്രണ മേഖലയിലെ വിദഗ്ദ്ധനായ ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും കമ്മിഷന്‍ അധ്യക്ഷന്‍. യു.കെ യിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ അസ്സോഷിയേറ്റ് പ്രൊഫസര്‍ ആണ് ഇദ്ദേഹം.

കമ്മിഷനിലെ സഹ അധ്യക്ഷന്‍മാരായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാർ, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണന്‍ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാവും. അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ ജാനകി നായർ, കൃഷ്ണദാസ്(ഗുരുവായൂർ), ഡോ കെ. എസ് ജെയിൻസ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാർ, ഡോ. വൈ വി എൻ കൃഷ്ണമൂർത്തി, പ്രൊ. കെ ടി രവീന്ദ്രൻ, തെക്കിന്ദർ സിങ് പൻവാർ എന്നീ വിദഗ്‍ധ അംഗങ്ങൾ കൂടി ചേർന്നതാണ് കമ്മീഷൻ.

കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീഷിക്കുന്നത്. നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ റീ ബില്‍ഡ് കേരള, ജര്‍മ്മന്‍ വികസന ബാങ്കായ കെ എഫ്‍ഡബ്ള്യു -യുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളില്‍ ഉണ്ട്. ഈ പദ്ധതികളില്‍ നഗരനയവുമായി ബന്ധപ്പെട്ട് നീക്കിവെച്ചിട്ടുള്ള ഗ്രാന്‍റ് ഉപയോഗിച്ചായിരിക്കും കമ്മിഷന്‍റെ പ്രവര്‍ത്തനമെന്നും പുതിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കപ്പെടില്ലെന്നും സര്‍ക്കാരിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗരനയ സെല്‍ രൂപീകരിക്കും. സാമൂഹികമായി ആഗോള തലത്തില്‍ പരന്നുകിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവുമെന്ന് മന്ത്രിസഭ വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ കമ്മിഷന്‍ പരിശോധിക്കും.

2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മിഷന്‍ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കരട് നഗര നയത്തിന്‍റെ ചട്ടക്കൂട് 2018ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപോര്‍ട്ട് ശുപാര്‍ശ ചെയ്തു. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.