image

23 Jan 2024 9:57 AM GMT

Kerala

കേരള ബജറ്റ് ഫെബ്രു. 5-ന്; നിയമസഭ സമ്മേളനം ജനുവരി 25-ന് തുടങ്ങും

MyFin Desk

kerala budget on february 5, conference will begin on january 25
X

Summary

  • ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
  • നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്
  • ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച


പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ധനാഭ്യാര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യാര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായി നീക്കിവെച്ചിട്ടുണ്ടെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.

സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകൾ

ഓര്‍ഡിനന്‍സിനു പകരമായുള്ള ബില്ലുകൾ

1. 2024 ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബില്‍

2 . 2024 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍

3 . 2024 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍

പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകള്‍

1 . 2023-ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സര്‍വ്വകലാശാല (ഭേദഗതി) ബില്‍

2 . 2023-ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബില്‍

3 . 2023-ലെ ക്രിമിനല്‍ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബില്‍

4 . 2023-ലെ കേരള പൊതുരേഖ ബില്‍

5 . 2024-ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്മെന്റുകളും ബില്‍

നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 27 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.