12 March 2024 7:42 AM GMT
Summary
- ഒറ്റത്തവണ പ്രത്യേക പാക്കേജ് നല്‍കുന്നത് പരിഗണിക്കണം
- 5000 കോടി ഏപ്രില്‍ ഒന്നിന് നല്‍കാമെന്ന് കേന്ദ്രം
വായ്പ പരിധി വിഷയത്തില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍.
ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തടസമെന്ന് കോടതി ചോദിച്ചു.
അടുത്ത പത്തു ദിവസത്തില്‍ ഇക്കാര്യം നല്‍കാന്‍ ആലോചിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഇപ്പോള്‍ നല്‍കുന്ന തുക അടുത്ത കൊല്ലത്തെ സംഖ്യയില്‍ ഉള്‍പ്പെടുത്താം. ആലോചിച്ച് നാളെ തീരുമാനം അറിയിക്കാനും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.
ഇതനുസരിച്ച് 5000 കോടി ഏപ്രില്‍ ഒന്നിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു.
വായ്പ പരിധിയില്‍ കേരളം നേരത്തെ കേന്ദ്രവുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ 19,351 കോടി രൂപ കൂടി കടമെടുക്കാനുള്ള അഭ്യര്‍ത്ഥന ധനകാര്യമന്ത്രാലയം തള്ളിയെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന്‍ അറിയിച്ചു. പരമാവധി ചെയ്തിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച 13,608 കോടി രൂപ റിലീസ് ചെയ്യുന്നതിന്റെ ഘട്ടത്തിലാണെന്നും കേന്ദ്രം അറിയിച്ചു.