15 Oct 2023 9:01 AM GMT
Summary
- ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ഹൗസ്‍ഫുള്‍ ഷോകള്‍ ഉറപ്പാക്കി
- കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ ഒക്റ്റോബര്‍ 19 പുലര്‍ച്ചെ നാലു മണി മുതല്‍
- സംസ്ഥാനത്ത് ആദ്യദിനം 10 കോടിക്ക് മുകളില്‍ നേടുമോയെന്ന ആകാംക്ഷയില്‍ ട്രേഡ് അനലിസ്റ്റുകള്‍
വന്‍മുതല്‍ മുടക്കിലെത്തി അതിവേഗം ശത കോടികള്‍ കളക്റ്റ് ചെയ്തെടുക്കുന്ന വന്‍ ചിത്രങ്ങളുടെ പ്രവണത ഇന്ത്യന്‍ സിനിമാ ലോകത്ത് തുടരുകയാണ്. പൂജാ വാരാന്ത്യത്തിലേക്ക് നീങ്ങവേ ഇന്ത്യന്‍ ബോക്സ് ഓഫിസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ലിയോ' ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രം പ്രഖ്യാപന വേളയില്‍ തന്നെ പല കാരണങ്ങള്‍ കൊണ്ട് വലിയ ഹൈപ്പ് നേടിയിരുന്നു.
വിക്രം എന്ന ബമ്പര്‍ ഹിറ്റിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണിത്. വിവിധ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് 'വിക്ര'ത്തില്‍ ലോകേഷ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്സില്‍ ലിയോയും വരുമോയെന്ന ആകാംക്ഷയാണ് ലിയോയുടെ പ്രധാന ചര്‍ച്ചാ വിഷയം. വേണ്ടത്ര വിജയം നേടാതെ പോയ രണ്ട് ചിത്രങ്ങള്‍ക്കു ശേഷം ആരാധകരുടെ ദളപതി വിജയ് ഒരു വേറിട്ട ഗെറ്റപ്പിലും ഭാവത്തിലും ലോകേഷിനൊപ്പം എത്തുന്നു എന്നതും ചിത്രത്തിലേക്ക് ശ്രദ്ധയെത്തിച്ചു.
ചൂടപ്പം പോലെ വിറ്റഴിഞ്ഞ ടിക്കറ്റുകള്‍
ലിയോയുടെ കേരളത്തിലെ ബുക്കിങ് ഇന്ന് രാവിലെ 10 മുതല്‍ ആരംഭിച്ചു. ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 10 മണി മുതൽ ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്പ്ളിക്കേഷൻ, വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാമെന്ന് കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചു.
മൂന്നു മണിക്കൂറുകള്‍ക്കകം 3 കോടി രൂപയ്ക്കു മുകളിലുള്ള ബുക്കിംഗ് നടന്നു കഴിഞ്ഞതായാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ലോകവ്യാപകമായി ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തില്‍ ആദ്യ ദിന കളക്ഷന്‍ റെക്കോഡ് കുറിക്കുമെന്നതില്‍ ഇനി സംശയം വേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്. ലിയോയുടെ ഇന്ത്യയിലെ തന്നെ ആദ്യ ഷോകള്‍ നടക്കുക കേരളത്തിലായിരിക്കും എന്നാണ് വിവരം. പുലര്‍ച്ചെ നാലു മണി മുതല്‍ ഷോകള്‍ നടത്താന്‍ തിയറ്ററുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
കെജിഎഫ് 2 ആദ്യദിനത്തില്‍ നേടിയ 7 കോടിക്ക് മുകളിലുള്ള കളക്ഷനാണ് കേരള ബോക്സ്ഓഫിസിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ലിയോ ഒരു പക്ഷേ കേരള ബോക്സ്ഓഫിസില്‍ 10 കോടി രൂപയ്ക്ക് മുകളില്‍ ആദ്യ ദിനത്തില്‍ നേടുന്ന ആദ്യ ചിത്രമായി മാറിയേക്കാം.
അണിനിരക്കുന്നത് വമ്പന്‍ താരനിര
സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്.അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.