image

4 April 2024 7:28 AM GMT

Kerala

കൊച്ചിയിൽ ‘ബാംഗ്ലൂർ ഡേയ്‌സ്’? നഗരത്തിൽ ജലപ്രതിസന്ധി

MyFin Desk

Drinking water shortage in Kochi
X

Summary

  • കൊച്ചിയിലും ബെംഗളൂരുവിന് സമാനമായ കുടിവെള്ള ക്ഷാമം വരുമെന്ന് മുന്നറിയിപ്പ്.
  • കൊച്ചിയിലെ 95% വീടുകളും ഗവൺമെൻറിൻറെ ജലവിതരണ സംവിധാനത്തെ മാത്രം ആശ്രയിക്കുന്നു.
  • നഗരത്തിലെ ജലവിതരണത്തിൽ പ്രതിദിനം 80 ദശലക്ഷം ലിറ്ററിൻറെ ക്ഷാമം നേരിടുന്നു.


ബെംഗളൂരുവിലെ രൂക്ഷമായ ജലക്ഷാമവും വേനൽമഴയുടെ അഭാവവും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ, കൊച്ചിയിലും സമാനമായ അനുഭവം ഉണ്ടാകുമെന്ന ഭയം നഗരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

വ്യവസായ-നിയമ മന്ത്രി പി രാജീവ് ബംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനങ്ങളെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ട് കത്തെഴുതിയത് അടുത്തയിടെയാണ്. "നമുക്ക് കേരളത്തിൽ 44 നദികളുണ്ട്, അതിനാൽ വെള്ളം ഒരു പ്രശ്നമല്ല," എന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ അത് വെറും അവകാശവാദം മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കൊച്ചിയിലെ 95% വീടുകളും ഗവൺമെൻറിൻറെ ജലവിതരണ സംവിധാനത്തെ മാത്രം ആശ്രയിക്കുന്നു. ജലവകുപ്പിൻറെ ഡാറ്റ അനുസരിച്ച്, നഗരത്തിലെ ജലവിതരണത്തിൽ പ്രതിദിനം 80 ദശലക്ഷം ലിറ്ററിൻറെ ക്ഷാമം നേരിടുന്നുണ്ട്. ഇടപ്പള്ളി, വെണ്ണല, ചേരാനല്ലൂർ, വടുതല, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾത്തന്നെ ജലക്ഷാമം രൂക്ഷമാണ്. ഈ ദുരവസ്ഥ, ജില്ല അഭിമുഖീകരിക്കുന്ന വിശാലമായ ജല മാനേജ്‌മെൻ്റ് വെല്ലുവിളികളിലേക്ക് ഒരു നേർക്കാഴ്ച്ച നൽകുന്നുവെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

പെരിയാർ, മൂവാറ്റുപുഴ എന്നീ രണ്ട് പ്രാഥമിക സ്രോതസ്സുകളിൽ നിന്നാണ് കൊച്ചിക്ക് വെള്ളം ലഭിക്കുന്നത്. ആലുവയിലെയും മരടിലെയും വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റുകൾ (ഡബ്ല്യുടിപി) പ്രതിദിനം യഥാക്രമം 300, 100 ദശലക്ഷം ലിറ്റർ ഉത്പാദിപ്പിക്കുന്നു. ചരിത്രപരമായി ഉൽപ്പാദനത്തിൽ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ലെങ്കിലും ജലത്തിൻ്റെ ഉപഭോഗം 10-15% വർദ്ധിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, കാവേരി എന്ന ഒരൊറ്റ നദിയെ (80% ത്തിലധികം) ആശ്രയിക്കുന്ന ബെംഗളൂരുവിൽ നിന്ന് വ്യത്യസ്തമായി, കൊച്ചി ഭേദപ്പെട്ട നിലയിലാണെന്ന് പറയാം. എന്നിട്ടും, വേനൽ ശക്തമാകുമ്പോൾ, കൊച്ചിയിൽ ജല ദൌർബല്യമാണ്. വൈപ്പിൻ, തൃപ്പൂണിത്തുറ, പറവൂർ, തൃക്കാക്കര, കളമശേരി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ജല ദൌർബല്യമുള്ളത്.

“കൊച്ചി കുടിവെള്ളക്ഷാമത്തിൻ്റെ പിടിയിലാണ്. ഇപ്പോൾ, വേനൽ രൂക്ഷമാകുമ്പോൾ, ക്ഷാമം കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്, ”ജലവിതരണം കൈകാര്യം ചെയ്യുന്ന സംസ്ഥാന ഏജൻസിയായ കേരള വാട്ടർ അതോറിറ്റിയിലെ (കെഡബ്ല്യുഎ) ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

ജോലിക്ക് വേണ്ടി വിവധ സ്ഥലങ്ങളിൽ നിന്ന് ജനം കൊച്ചിയിലേക്ക് താമസം മാറ്റുന്നു. ജനസാന്ദ്രത ഉയരുന്നതനുസരിച്ച് ജല ഉപയോഗവും കൂടുന്നു. നഗരത്തിലെ ഹോസ്റ്റലുകളുടെ വർദ്ധനയും ജലക്ഷാമം രൂക്ഷമാകുന്നതിൻറെ കാരണമാണ്.

പ്രതിദിനം 190 ദശലക്ഷം ലിറ്റർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ആലുവയിലെ നിർദ്ദിഷ്ട ജലശുദ്ധീകരണ പ്ലാൻ്റ് മാത്രമാണ് കൊച്ചിയിലെ ജലക്ഷാമത്തിന് സാധ്യമായ ഏക പരിഹാരമായി കെഡബ്ല്യുഎ കാണുന്നത്. ഇതോടൊപ്പം, കിൻഫ്രയുടെ നേതൃത്തത്തിൽ, പ്രതിദിനം 45 ദശലക്ഷം ലിറ്റർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു പ്ലാൻ്റ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ രണ്ട് പദ്ധതികളും ഇപ്പോൾ രാഷ്ട്രീയ കുരുക്കിൽ പെട്ട് അനശ്ചിതാവസ്ഥയിലാണ്.

കുടിവെള്ള ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ 20,000 കോടി രൂപയുടെ പദ്ധതികളിൽ രണ്ടെണ്ണം മാത്രമാണിത്. ഈ പദ്ധതികളിലൂടെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പ്രതിദിനം 1,400 ദശലക്ഷം ലിറ്റർ കുടിവെള്ള ഉൽപ്പാദനം വർധിപ്പിക്കാനാണ് പദ്ധതിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ജലക്ഷാമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കെഡബ്ല്യുഎ യുടെ ജല് ജീവ മിഷൻ ജനുവരി വരെ 3.68 ദശലക്ഷം കുടുംബങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അതിൻ്റെ വ്യാപ്തി വിപുലീകരിച്ചിരുന്നു. എന്നാൽ ഇതും നഗരത്തിന് ആവശ്യമുള്ള വെള്ളം നൽകാൻ പര്യാപ്തമല്ല.

“പണ്ട് കേരളം മിച്ചജലമുള്ള സംസ്ഥാനമായിരുന്നു; ഇനിയില്ല. മഴവെള്ളം സംരക്ഷിക്കേണ്ട സമയമാണിത്. ജലസംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനും ആസന്നമായ പ്രതിസന്ധി ഒഴിവാക്കുന്നതിനും ഈ മേഖലയിലെ വിവിധ ഏജൻസികളുടെ ഏകോപിത ശ്രമങ്ങൾ ഉണ്ടാകണം, ”കെഡബ്ല്യുഎ ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് പറയുന്നു.

പ്രകൃതിയുടെ സമീപകാല വ്യതിയാനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ കാലാവസ്ഥ ഗണ്യമായി മാറിയിട്ടുണ്ട്. വേനൽ രൂക്ഷമാകുകയും മൺസൂൺ കുറയുകയും ചെയ്തു.