image

24 Nov 2023 11:33 AM IST

Kerala

വിദഗ്ധ തൊഴില്‍ശേഷിക്കായി ജര്‍മന്‍ കമ്പനിയുമായി അസാപ് കേരളയുടെ പങ്കാളിത്തം

MyFin Desk

asap kerala partners with German company for skilled manpower
X

Summary

  • സംസ്ഥാനത്തെ വിദഗ്ധ തൊഴിലാളികളെ ഡിസ്പേസ് നിയമിക്കും
  • തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിന് പ്രത്യേക പരിശീലനങ്ങള്‍


മെക്കാട്രോണിക്‌സ് സിസ്റ്റം സോഫ്റ്റ്‌വെയർ ടെക്‌നോളജിയിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഡിസ്പേസുമായി (dSPACE) സംസ്ഥാന നൈപുണ്യ വികസന ഏജൻസിയായ അസാപ് (ASAP) കേരള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു., ജർമനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്പേസ് അടുത്തിടെ കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ യൂണിറ്റ് ആരംഭിച്ചുകൊണ്ട് തങ്ങളുടെ ഇന്ത്യൻ പ്രവർത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

കരാറിന്റെ ഭാഗമായി, നിർദ്ദിഷ്ട നൈപുണ്യ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന 100 ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് അസാപ് കേരളയുമായി ഡിസ്പേസ് സഹകരിക്കും. വ്യാഴാഴ്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയുടെ ഓഫീസിൽ നടന്ന പ്രത്യേക ചടങ്ങിൽ അസാപ് കേരള ചെയർപേഴ്സണും എംഡിയുമായ ഉഷാ ടൈറ്റസും ഡിസ്പേസ് മാനേജിംഗ് ഡയറക്ടർ ഡോ. ഫ്രാങ്ക്ലിൻ ജോർജുമാണ് കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് അസാപ് പ്രവര്‍ത്തിക്കുന്നത്.

വിദഗ്ധ തൊഴിലാളികള്‍ക്ക് മികച്ച അവസരങ്ങള്‍

ഉന്നതവിദ്യാഭ്യാസത്തോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത, മികച്ച നൈപുണ്യ വികസന സംരംഭങ്ങൾ, മികച്ച പ്രതിഭകളുടെ ലഭ്യത എന്നിവ കേരളത്തെ വിദേശ കമ്പനികളുടെ ആകർഷകമായ സ്ഥലമാക്കി മാറ്റുന്നുവെന്ന് ഈ പങ്കാളിത്തത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഇഷിത റോയ് പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിൽ ഈ സഹകരണം വളരെയധികം സഹായിക്കുമെന്ന് അവർ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിന്ന് അസാപിന്‍റെ സഹായത്തോടെ ആവശ്യമായ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തി ഡിസ്പേസ് നിയമിക്കും. വ്യവസായികമായി പ്രസക്തമായി നൈപുണ്യ പരിശീലന കോഴ്സുകൾ വികസിപ്പിക്കാനും ഇരു പാർട്ടികളും സമ്മതിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനും അസാപ് പ്രത്യേക കോഴ്‌സുകളും പരിശീലനവും നടത്തും.

ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ രാജശ്രീ, എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ എ പ്രവീൺ, ഡിസ്‌പേസ് വൈസ് പ്രസിഡന്റ് എൽമർ ഷ്മിത്ത്, അസാപ് കേരള പ്ലേസ്‌മെന്റ് വിഭാഗം മേധാവി ലൈജു ഐ പി നായർ, അസോസിയേറ്റ് ഡയറക്ടർ ബേസിൽ അമാനുല്ല, പ്രോഗ്രാം മാനേജര്‍ കെ ശങ്കരൻ എന്നിവർ പങ്കെടുത്തു.