19 Nov 2023 4:24 PM IST
Summary
- വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പ്രധാനം
- കാസര്‍ഗോഡിലെ സംരംഭകരുമായി മന്ത്രി ചര്‍ച്ച നടത്തി
വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുമായി ബന്ധപ്പെട്ട ചട്ടഭേദഗതി ഈ മാസംതന്നെ മന്ത്രിസഭ അംഗീകാരത്തോടെ ഉത്തരവായി ഇറക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്. ഇതു സംബന്ധിച്ച് റവന്യു, തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിമാരുമായി പലതവണ ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സംരംഭക അന്തരീക്ഷത്തിന് ഈ മൂന്നു വകുപ്പുകളും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം എല്ലാവരും ഉന്നയിക്കാറുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞ രണ്ടരവർഷമായി വ്യവസായവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും തങ്ങള്‍ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാറുണ്ടെന്നും നവകേരള സഭയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടെ നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നു.
റവന്യു, തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിമാർക്കൊപ്പം ഇന്ന് രാവിലെ കാസര്‍ഗോഡിലെ സംരംഭകരുമായി മന്ത്രി സംവദിക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ചർച്ച നടത്തിയാണ് കെ-സ്വിഫ്റ്റ് നമ്പർ താൽക്കാലിക കെട്ടിടനമ്പറായി നിശ്ചയിച്ച് നവംബർ ഒന്നിന് ഉത്തരവിറക്കിയത്. മന്ത്രി തലത്തിലും ഉയർന്ന ഉദ്യോഗസ്ഥതലത്തിലും വകുപ്പുകൾ തലത്തിലുള്ള ഏകോപനം എല്ലാതലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.