image

7 Jan 2024 7:06 AM GMT

Kerala

ആദിത്യയിലും സൂര്യശോഭയോടെ കേരളത്തിന്‍റെ പൊതുമേഖല

MyFin Desk

general area of kerala with sunshine in aditya too
X

Summary

  • 4 കേരള പൊതുമേഖലാ കമ്പനികളാണ് ദൗത്യത്തില്‍ പങ്കാളികളായത്
  • പിഎസ്എല്‍വി റോക്കറ്റില്‍ കെല്‍ട്രോണില്‍ നിര്‍മിച്ച 38 ഇ മൊഡ്യൂളുകള്‍
  • ഇന്നലെയാണ് ആദിത്യ എല്‍1 ഭ്രമണപഥത്തിലെത്തിയത്


ഇന്ത്യയുടെ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നാല് മാസത്തെ യാത്രയ്‌ക്കൊടുവില്‍ ലക്ഷ്യസ്ഥാനം തൊടുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണ്. കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

പിഎസ്എല്‍വി സി 57 ആദിത്യ എൽ1 മിഷന്റെ ഭാഗമായി പിഎസ്എല്‍വി റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്.

ആദിത്യ എൽ1 വിക്ഷേപണ വാഹനമായ PSLVയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്ഐഎഫ്എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15CDV6 ഡോം ഫോർജിംഗ്‌സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിംഗുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്ഐഎഫ്എൽ. തദ്ദേശീയമായി വികസിപ്പിച്ചതാണ്.

പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടിസിസിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നതും കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡാണ്.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അപ്പുറമുള്ള ലഗ്രാഞ്ച് പോയിന്റിന് (എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പേടകം എത്തിയതായി ഇന്നലെയാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. 5 വര്‍ഷമാണ് ദൗത്യത്തിന്റെ കാലാവധിയായി കണക്കാക്കുന്നത്. 2023 സെപ്റ്റംബര്‍ 2 നാണ് പേടകം വിക്ഷേപിച്ചത്.