9 April 2024 5:32 AM
Summary
- പുതിയ റേക്ക് വന്ദേഭാരത് കൊല്ലത്ത് എത്തി
എറണാകുളം- ബംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ സർവീസിന് സാധ്യത.
പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയിരുന്നു. എറണാകുളത്തെ സ്ഥലപരിമിതി മൂലമാണ് കൊല്ലം സ്റ്റേഷനില്‍ റേക്കുകള്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സര്‍വീസ് സംബന്ധിച്ച് തീരുമാനമായാല്‍ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി സ്പെഷ്യല്‍ ട്രെയിനായാകും വന്ദേഭാരത് ഓടിക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണിത്.
എറണാകുളം-ബംഗളൂരു സര്‍വീസിനെ കുറിച്ച് റെയില്‍വേ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സര്‍വീസ് ആരംഭിച്ചാല്‍ ഒമ്പത് മണിക്കൂറില്‍ താഴെ സമയത്തില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും എത്താന്‍ സാധിക്കും. എന്നാല്‍, ട്രെയിനിന്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയില്‍വേ അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എറണാകുളം - ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരതിന് അഞ്ച് സ്റ്റോപ്പുകളാവും ഉണ്ടാവുക. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാകും ഈ സ്റ്റോപ്പുകൾ. കൊച്ചിയിലെയും ബെംഗളൂരുവിലെയും ഐടി പ്രൊഫഷണലുകൾക്കും, വിദ്യാർഥികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒരു സർവീസായി മാറും ഇത്.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് സർവീസുകൾ ലാഭകരമാണെന്നാണ് റിപ്പോർട്ട്. മിക്ക യാത്രകളിലും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാരുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ട്രെയിന്‍ അനുവദിക്കുന്നത്.