image

31 Jan 2024 6:56 AM

Kerala

സംസ്ഥാനത്ത് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

MyFin Desk

380 urban public health centers are being established in the state
X

Summary

  • ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 8 മണി വരെ സേവനങ്ങള്‍ ലഭ്യമാകും
  • 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്
  • സംസ്ഥാനത്തെ 93 നഗരങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്


നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു.

380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

നിലവില്‍ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. ഈ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്.

നിലവില്‍ പ്രവര്‍ത്തിക്കുന്ന നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴില്‍ മൂന്നു വീതവും മറ്റ് പ്രദേശങ്ങളില്‍ രണ്ട് എന്ന ക്രമത്തിലും സംസ്ഥാനത്തെ 93 നഗരങ്ങളിലാണ് ഇവ സ്ഥാപിച്ച് വരുന്നത്. ഇതുവരെ 194 കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.

അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടര്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാര്‍ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 8 മണി വരെ സേവനങ്ങള്‍ ലഭ്യമാകും.

ആരോഗ്യ വകുപ്പില്‍ നിന്നും ബന്ധപ്പെട്ട നഗരസഭയുടെ അധികാരികളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. പകര്‍ച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും ഈ കേന്ദ്രങ്ങളുടെ സേവനം ലഭിക്കും.