image

4 Sep 2023 8:32 AM GMT

Business

ജി20യില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം

MyFin Desk

indian industry news | industry analysis |  indian industry growth
X

Summary

  • യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ മികവ് പഠിക്കാന്‍ ടോയ് അസോസിയേഷന്‍
  • തൊഴില്‍ ശക്തിയും സാങ്കേതിക കഴിവുകളും മെച്ചപ്പെടുത്തും


യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വൈദഗ്ധ്യം ഇന്ത്യന്‍ കളിപ്പാട്ട വ്യവസായത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന ശേഷിയും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇരു രാജ്യങ്ങളും ജി20യില്‍ അംഗങ്ങളാണ്. കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഇപ്പോള്‍ ഇന്ത്യക്കാണ്. ഈ അവസരം രാജ്യത്തെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായി അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നുവെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടായ്) ചെയര്‍മാന്‍ മനു ഗുപ്ത പറഞ്ഞു.

'ജി 20 യില്‍ ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മ്മാതാക്കളും ഉപഭോക്താക്കളും ഉണ്ട്. കളിപ്പാട്ടങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇന്ത്യക്ക്, യുഎസില്‍ നിന്ന്, പഠിക്കാനാകും. കാരണം അവ കുട്ടികള്‍ക്കുള്ള മികച്ച പഠന ഉപകരണങ്ങളാണ്,' ഗുപ്ത പറഞ്ഞു.

യുഎസിന് ശക്തമായ കളിപ്പാട്ട വിപണിയുണ്ടെന്നും അവരുടെ തന്ത്രങ്ങളും സമീപനങ്ങളും പഠിക്കുന്നത് ഇന്ത്യയിലെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറുവശത്ത്, ചൈന ലോകത്തിലെ കളിപ്പാട്ട ഫാക്ടറി എന്നാണ് അറിയപ്പെടുന്നത്. കളിപ്പാട്ട നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് നിലവിലുള്ള തൊഴില്‍ ശക്തിയും സാങ്കേതിക കഴിവുകളും ഉയര്‍ത്തുന്നതിന് കഴിയും.

വന്‍തോതിലുള്ള ഉല്‍പ്പാദനം, കാര്യക്ഷമത, ചെലവ്-ഫലപ്രാപ്തി എന്നിവയില്‍ ചൈനയുടെ വൈദഗ്ധ്യത്തില്‍ നിന്ന് പഠിക്കുന്നത് ഇന്ത്യയുടെ കളിപ്പാട്ട നിര്‍മ്മാണ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മത്സരക്ഷമതയ്ക്കും സംഭാവന നല്‍കുമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ ഇന്ത്യയ്ക്കു വൈദഗ്ധ്യമുള്ള മനുഷ്യശേഷിയും സാങ്കേതികവിദ്യയും ഉള്ളതിനാല്‍ കളിപ്പാട്ട മേഖലയില്‍ നമുക്കു വലിയ സാധ്യതകളുണ്ടെന്ന് ടായ് സീനിയര്‍ വൈസ് പ്രസിഡന്റും ലിറ്റില്‍ ജീനിയസ് ടോയ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ നരേഷ് കുമാര്‍ ഗൗതം പറഞ്ഞു. നിര്‍മ്മാതാക്കളുടെ മത്സരശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഗ്രേറ്റര്‍ നോയിഡയില്‍ വരാനിരിക്കുന്ന കളിപ്പാട്ട ക്ലസ്റ്റര്‍ നിര്‍മ്മാണം ഈ മേഖലയില്‍ വലിയ ഉത്തേജനം നല്‍കും. ഏകദേശം 135 കമ്പനികള്‍ക്ക് യൂണിറ്റ ആരംഭിക്കാന്‍ ഇവിടെ ഭൂമി അനുവദിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ജി20 രാജ്യങ്ങളില്‍ ഭൂരിഭാഗവും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ അവസരമാണ് നല്‍കുന്നതെന്ന് ഗുപ്ത പറഞ്ഞു.

43 അംഗങ്ങളാണ് ജി20യിലുള്ളത്. 2022 -ല്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയില്‍ ജി20 രാജ്യങ്ങളുടെ പങ്ക് 64 ശതമാനവും ഇറക്കുമതി 52.4 ശതമാനവുമായിരുന്നു. ജി20 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി യുഎസ് (9100 കോടി ഡോളര്‍), യൂറോപ്യന്‍ യൂണിയന്‍ (8700 കോടി ഡോളര്‍), ചൈന (1750 കോടി ഡോളര്‍), യുകെ (1440 കോടി ഡോളര്‍), തുര്‍ക്കി (1070 കോടി ഡോളര്‍), സൗദി അറേബ്യ ( 1000 കോടി ഡോളര്‍ ) എന്നിങ്ങനെയാണ്.