18 March 2025 3:30 PM IST
Summary
- ഈ വിഭാഗത്തിലേക്ക് രണ്ടാഴ്ചമുമ്പ് ബ്ലിങ്കിറ്റ് പ്രവേശിച്ചിരുന്നു
- പ്രീമിയം ഗാഡ്ജെറ്റുകളിലേക്ക് വര്‍ധിച്ചുവരുന്ന ഡിമാന്‍ഡാണ് കമ്പനികളെ ഈ വിഭാഗത്തിലേക്ക് നയിച്ചത്
- ആപ്പിള്‍ ഉല്‍പ്പന്നങ്ങള്ക്കായി തിരയുന്നവരുടെ എണ്ണത്തില്‍ പ്രതിമാസം 35 ശതമാനം വര്‍ധനവ്
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പത്ത് മിനിട്ടിനുള്ളില്‍! രണ്ടും കല്‍പ്പിച്ച് സെപ്‌റ്റോയും. ഏറ്റവും പുതിയ ഐഫോണ്‍ 16ഇ, എയര്‍പോഡുകള്‍, ചാര്‍ജിംഗ് ആക്സസറികള്‍, മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ 10 മിനിട്ടിനുള്ളില്‍ വിതരണംചെയ്യുമെന്ന് സെപ്‌റ്റോ പ്രഖ്യാപിച്ചു. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യുന്ന മത്സരത്തില്‍ ചേരുന്ന ഏറ്റവും പുതിയ കമ്പനിയായി സെപ്‌റ്റോ മാറി.
എതിരാളികളുടെ സമാന ഓഫറുകളെ പിന്തുടര്‍ന്നാണ് സെപ്റ്റോയുടെ നീക്കം. ഐപാഡുകള്‍, എയര്‍പോഡുകള്‍, മാക്ബുക്ക് എയര്‍, ആപ്പിള്‍ വാച്ച് എന്നിവയുള്‍പ്പെടെ നിരവധി ആപ്പിള്‍ ഉപകരണങ്ങള്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ നഗരങ്ങളില്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയതായി ബ്ലിങ്കിറ്റ് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു.ഡല്‍ഹി-എന്‍സിആര്‍, മുംബൈ, ഹൈദരാബാദ്, പൂനെ, ലഖ്നൗ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ചെന്നൈ, ജയ്പൂര്‍, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവ ഈ നഗരങ്ങളില്‍ ഉള്‍പ്പെടുന്നു.
ഉയര്‍ന്ന മൂല്യമുള്ള ഗാഡ്ജെറ്റുകളിലേക്ക് വര്‍ധിച്ചുവരുന്ന ആളുകളുടെ ഡിമാന്‍ഡാണ് പ്രീമിയം ഇലക്ട്രോണിക്സിലേക്ക് തിരിയാന്‍ സെപ്‌റ്റോയെ പ്രേരിച്ചത്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തിരയുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ പ്രതിമാസം 35 ശതമാനം വര്‍ധനവാണ് പ്ലാറ്റ്ഫോമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റോയില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ക്കായി ഒരു ദശലക്ഷത്തിലധികം തിരയലുകള്‍ നടന്നതായും ഇത് കമ്പനിയെ ഉല്‍പ്പന്ന ഓഫര്‍ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ പ്രേരിപ്പിച്ചതായും സെപ്റ്റോയിലെ ഇലക്ട്രോണിക്‌സ് വിഭാഗം ബിസിനസ് മേധാവി അഭിമന്യു സിംഗ് പറഞ്ഞു.
അവശ്യവസ്തുക്കള്‍ക്കപ്പുറം ദ്രുത വാണിജ്യം വികസിക്കുകയാണ്. അതിനുദാഹരണമാണ് ഐഫോണ്‍പോലുള്ള ഉല്‍പ്പന്നങ്ങളുടെ തിരയലുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഉയരുന്നത്. ഒരു ദശാബ്ദം മുമ്പ് പരമ്പരാഗത ഇ-കൊമേഴ്സ് കണ്ട അതിവേഗ വളര്‍ച്ചയാണ് ഇന്ന് ദ്രുതവാണിജ്യത്തില്‍ സംഭവിക്കുന്നത്.സെപ്റ്റോ, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന വിഭാഗങ്ങളിലേക്ക് കടക്കുകയാണ്.
ഉല്‍പ്പന്ന കാറ്റലോഗുകള്‍ വികസിപ്പിക്കുന്നതിനു പുറമേ, ഈ പ്ലാറ്റ്ഫോമുകള്‍ അടുത്തിടെ ഭക്ഷണ വിതരണ മേഖലയിലേക്കും പ്രവേശിച്ചു. അവരുടെ ശക്തമായ വിതരണ ശൃംഖലകളും കാര്യക്ഷമമായ ലോജിസ്റ്റിക് സംവിധാനങ്ങളും മുതലെടുത്ത് അവര്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് വെറും 10 മിനിറ്റിനുള്ളില്‍ ലഘുഭക്ഷണങ്ങള്‍, ഭക്ഷണം, പാനീയങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഈ വര്‍ഷം ജനുവരിയില്‍, അടിയന്തര മെഡിക്കല്‍ ആക്സസ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കമായി ബ്ലിങ്കിറ്റ് 10 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സേവനം നല്‍കുന്നതിലേക്കും കടന്നു.